അപായഭീഷണിയെന്ന് റിപോര്‍ട്ട്; പി ജയരാജന് കനത്ത സുരക്ഷ

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആര്‍എസ്എസ് ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘം അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. സംഭവത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാര്‍ക്കും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും അടിയന്തരസന്ദേശം അയച്ചിരുന്നു. ഇതിനു പുറമെ ജയരാജന്റെ സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു.
അതേസമയം, സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് വിശദീകരിക്കാനാവില്ലെന്നു കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ് പറഞ്ഞു. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെ ജയരാജനെ യാത്രയ്ക്കിടെ ആക്രമിച്ചു കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയതായാണു പോലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ മോഹനനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പ്രനൂപാണ് ക്വട്ടേഷന്‍ എടുത്തത്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ്, ധര്‍മടം രമിത്ത് വധക്കേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നാണ് പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘത്തിന് ഇതിന് ആവശ്യമായ പണവും വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘത്തിലെ പ്രനൂപിനെ കൂടാതെ വിവിധ പ്രദേശങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തകരും സംഘത്തിലുണ്ടെന്നാണു വിവരം. ഇവര്‍ മൂന്നു സംഘങ്ങളായി പിരിഞ്ഞ് ഓപറേഷന്‍ നടത്താനാണു തീരുമാനം. സംഘാംഗങ്ങളെല്ലാം കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രഹസ്യമായി കഴിയുകയാണ്.
ഇന്നലെ തിരുവനന്തപുരത്തായിരുന്ന ജയരാജന് യാത്രാവേളകളിലടക്കം പോലിസ്  നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ജയരാജന് രണ്ടു ഗണ്‍മാന്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് രഹസ്യ നിരീക്ഷണം. ജയരാജന്‍ കഴിയുന്ന ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരവും ജില്ലയിലെ പരിപാടികളും കര്‍ശനമായി നിരീക്ഷിക്കും. ജില്ലയിലെ ഏതെങ്കിലും സിപിഎം ഓഫിസ് തകര്‍ത്ത് പ്രകോപനം സൃഷ്ടിക്കുകയും ജയരാജന്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ വകവരുത്തുകയുമാണ് ലക്ഷ്യമിടുന്നതത്രേ. ജയരാജനു നേരെ നേരത്തേയും ആര്‍എസ്എസ് ആക്രമണം നടന്നിരുന്നു. 1999 സപ്തംബര്‍ 25ന് വീട്ടില്‍ കയറിയ ആര്‍എസ്എസ് സംഘം ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട കതിരൂര്‍ മനോജ്.
Next Story

RELATED STORIES

Share it