അപലപനീയമെന്ന് വിഎസ്; എല്‍ഡിഎഫ് വന്നശേഷം അക്രമമെന്ന് വരുത്തിത്തീര്‍ക്കാന്‍ നീക്കം: സിപിഎം

തിരുവനന്തപുരം: കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ അക്രമം വര്‍ധിച്ചെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ആര്‍എസ്എസും ബിജെപിയും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിരാശപൂണ്ട ബിജെപി അക്രമങ്ങളിലൂടെ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിപിഎം അധികാരത്തിലെത്തുന്നത് അസഹിഷ്ണുതയോടെയാണ് അവര്‍ നോക്കിക്കാണുന്നത്. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം ബിജെപി കേന്ദ്രനേതൃത്വത്തിനാണ്. സിപിഎമ്മിനെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയാണ് അക്രമത്തിന് വഴിതെളിച്ചത്. കേരളത്തില്‍ 30 ശതമാനം വോട്ടുനേടാന്‍ കഴിയുമെന്നും ശക്തമായ മൂന്നാംമുന്നണിയായി 70 സീറ്റുനേടി അധികാരത്തില്‍ വരുമെന്നുമായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. അവസാനം 12 സീറ്റെന്നായി. ഒടുവില്‍ ഫലം വന്നപ്പോള്‍ ഒരു സീറ്റ് മാത്രമാണു ലഭിച്ചത്. ഇതില്‍ നിരാശപൂണ്ടാണ് ബിജെപി അക്രമം അഴിച്ചുവിട്ടത്.  ബിജെപി അക്രമങ്ങള്‍ക്കും പ്രചാരവേലകള്‍ക്കുമെതിരേ ശക്തമായ പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും സംഘടിപ്പിക്കും. ഒരുതരത്തിലുള്ള പ്രകോപനങ്ങളിലും അകപ്പെടാതിരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രതപാലിക്കണമെന്നും കോടിയേരി അഭ്യര്‍ഥിച്ചു. അതെസമയം, എകെജി ഭവനു നേരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ വി എസ് അച്യുതാനന്ദന്‍ അപലപിച്ചു. മോദി ഭരണത്തിന്റെ ഹുങ്കില്‍ നിയമം കൈയിലെടുത്ത് ബിജെപിയും സംഘപരിവാരവും ഡല്‍ഹിയില്‍ അഴിഞ്ഞാടുന്ന കാഴ്ചയാണു കണ്ടത്. അവിടത്തെ പോലിസ് കിരാതമായ ഈ ആക്രമണങ്ങള്‍ക്കെല്ലാം ഒത്താശചെയ്തുകൊടുക്കുന്ന നിലയില്‍ നിഷ്‌ക്രിയരായി നില്‍ക്കുകയായിരുന്നു. വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് അഖ്‌ലകിനെ കൊലപ്പെടുത്തിയതിനും കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനും സമാനമായ രീതിയിലാണ് കേരളത്തില്‍ ആര്‍എസ്എസിനെ സിപിഎം ആക്രമിക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് എകെജി ഭവനു നേരെ ആര്‍എസ്എസുകാര്‍ അഴിഞ്ഞാടിയിരിക്കുന്നത്. കേരളത്തില്‍ യഥാര്‍ഥത്തില്‍ സംഘപരിവാരമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it