Kottayam Local

അപര്യാപ്തതയുടെ നടുവില്‍ പുളിക്കല്‍ കവല

കൊടുങ്ങൂര്‍: ചങ്ങനാശ്ശേരി റോഡും കോട്ടയം റോഡും സംഗമിക്കുന്ന  പുളിക്കല്‍ കവലയ്ക്ക് കാലങ്ങളായി പറയാനുള്ളത്  അവഗണനയുടെ ചരിത്രം മാത്രം. വാഴൂര്‍ പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് പ്രദേശം. ബസ് കാത്തിരിപ്പ് കേന്ദ്രമോ പൊതു ശൗചാല്യമോ  പോലും നിരവധി യാത്രക്കാര്‍ എത്തുന്ന ഇവിടെയില്ല. തിരക്കുള്ള ജംങ്ഷനാണെങ്കിലും അപര്യാപ്തതകള്‍ മാത്രമേയുള്ളു കവലയ്ക്ക്. ജംങ്ഷനിലെ വാഹനഗതാഗത സംവിധാനങ്ങള്‍ സുഗമമാക്കേണ്ട റൗണ്ടാന ഇടിഞ്ഞുപൊളിഞ്ഞു. തകര്‍ച്ചയുടെ വക്കിലാണ്. വാഹനങ്ങള്‍ ഇടിച്ചും മറ്റുമാണ് റൗണ്ടാനയുടെ കെട്ടുകള്‍ തകര്‍ന്നത്.
ദേശീയപാതാ വിഭാഗത്തിനാണ് റൗണ്ടാനയുടെ ഉത്തരവാദിത്തമെങ്കിലും ദേശീയപാതയും ചങ്ങനാശ്ശേരി വാഴൂര്‍ റോഡും നവീകരിച്ചെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുള്ള റൗണ്ടാനയെ അവഗണിച്ചു. റൗണ്ടാനയില്‍ കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഇടയ്ക്ക് സ്ഥാപിക്കുന്നത് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതിനും കാരണമാകുന്നു. ആധുനിക രീതിയില്‍ സംരക്ഷണ വേലിയോടെ റൗണ്ടാന പുനര്‍നിര്‍മിക്കുകയും ഇതില്‍ റിഫ്‌ളെക്ടറുകളും കൂടുതല്‍ വെളിച്ച സംവിധാനങ്ങളും സ്ഥാപിക്കുകയും ചെയ്‌തെങ്കിലേ പ്രയോജനം ലഭിക്കുകയുള്ളു.ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് അഭയം കടത്തിണ്ണകളും മരച്ചുവടുകളുമാണ്. ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന റോഡില്‍ ഒരു കാത്തിരിപ്പ് കേന്ദ്രം മാത്രമാണുള്ളത്.
മുണ്ടക്കയത്തേക്ക് പോകുന്ന റോഡില്‍ കാത്തിരിപ്പ് കേന്ദ്രമില്ലാത്തിനാല്‍ ബസ്സുകള്‍ നിര്‍ത്തുന്ന ജംങ്ഷനിലായതിനാല്‍ യാത്രക്കാരുടെ കാത്തു നില്‍പ്പ് തണല്‍മരച്ചുവട്ടിലാണ്. കോട്ടയത്തേക്ക് പോകാനുള്ള യാത്രക്കാര്‍ക്കും കടത്തിണ്ണകളെ അഭയം പ്രാപിച്ചേ മതിയാകൂ. എന്നാല്‍ കാത്തിരിപ്പ് കേന്ദ്രത്തിന് തടസ്സം നില്‍ക്കുന്നത് വ്യാപാരികളാണെന്നാണ് ആരോപണം. ജംങ്ഷനില്‍ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലപരിമിതി മൂലം സമീപപ്രദേശങ്ങളില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിനും, ബസ് സ്റ്റോപ്പ് മാറ്റുന്നതിനും പഞ്ചായത്ത് പല തവണ ആലോചിച്ചിരുന്നതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും, 15ാം വാര്‍ഡ് മെമ്പറുമായ തങ്കമ്മ അലക്‌സ് പറയുന്നു. എന്നാല്‍ കച്ചവടത്തെ ബാധിക്കുമെന്ന കാരണത്താല്‍ വ്യാപരികളും നാട്ടുകാരുമാണ് തടസ്സം നല്‍ക്കുന്നതെന്നും മെമ്പര്‍ ചൂണ്ടിക്കാട്ടി.രാത്രിയായാല്‍  ജംങ്ഷനില്‍ മിക്കപ്പോഴും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചം മാത്രമാണുള്ളത്. ഹൈമാസ്റ്റ് പ്രവര്‍ത്തനരഹിതമാണ്. ഹൈമാസ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് പഞ്ചായത്താണ്. ലൈറ്റ് രണ്ടു തവണ അറ്റകുറ്റപ്പണികള്‍ നടത്തിയെന്നും ഇനി അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്തിന് തുക കണ്ടെത്താനാകില്ലെന്നും മെമ്പര്‍ പറയുന്നു.അതേസമയം പുളിക്കല്‍ കവലയില്‍ ദേശീയ പാതയുടെ ഇരു വശവും രണ്ടു വാര്‍ഡുകളാണ്. വാഴൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡും, പതിനഞ്ചാംവാര്‍ഡും. ഇതും വികസനത്തിന് തടസ്സമാവുന്നു.
ജങ്ഷന്‍ ഭാഗം പള്ളിക്കത്തോട് പോലിസ് സ്‌റ്റേഷന്റെ അതിര്‍ത്തിയാണെങ്കിലും ജംങ്ഷന്റെ ചുറ്റുവട്ടം പള്ളിക്കത്തോട്, പാമ്പാടി, മണിമല, കറുകച്ചാല്‍ എന്നീ നാലു പോലിസ് സ്റ്റേഷനുകളുടെ കൂടി പരിധിയിലാണ്. ഇതിനാല്‍ പുളിക്കല്‍ കവലയില്‍ എന്തെങ്കിലും സംഭവമുണ്ടാകുമ്പോള്‍ അതിര്‍ത്തിത്തര്‍ക്കം ഒത്തുതീര്‍ന്നതിനുശേഷമാണ് പോലിസ് സ്ഥലത്തെത്താറെന്ന് ആരോപണമുണ്ട്. പ്രധാന രണ്ടു റോഡുകള്‍ ചേരുന്ന ജങ്ഷനായ ഇവിടെ രാപകല്‍ ഭേദമന്യേ തിരക്കും ഉണ്ട്. പൊതു ശൗചാലയം സ്ഥാപിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശൗചാലയത്തിന്റെ അഭാവം പലപ്പോഴും പൊതു നിരത്തിനെ വൃത്തികേടാക്കുന്നുണ്ട്. പുളിക്കല്‍ കവലയുടെ വികസനത്തിന്റെ അപര്യാപ്തതയെക്കുറിച്ച് ചോദിച്ചാല്‍ പരമാവധി വികസനമെത്തിയ സ്ഥലമാണ് പുളിക്കല്‍കവലയെന്നാണ് അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it