thiruvananthapuram local

അപര്യാപ്തതകള്‍ക്ക് നടുവില്‍ അയിരൂര്‍ പോലിസ് സ്റ്റേഷന്‍

വര്‍ക്കല: അയിരൂര്‍ പോലിസ് സ്‌റ്റേഷന്‍ അപര്യാപ്തതകളുടെ നടുവില്‍. 2012 ലാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇലകമണ്‍, ഇടവ, ചെമ്മരുതി ഗ്രാമപ്പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് പുതിയ സ്റ്റേഷന്‍ നിലവില്‍ വന്നത്.
കാലപ്പഴക്കത്തില്‍ ജീര്‍ണാവസ്ഥയിലായ കെട്ടിടം വാടകയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്. വിശ്രമിക്കാനോ വസ്ത്രം മാറാനോ സ്ഥലമില്ലാതെ ദുസ്ഥിതിയിലാണ് പോലിസുകാര്‍. സ്‌റ്റേഷന്‍ വളപ്പിലെ കിണര്‍ ശുചീകരിക്കാത്തത് മൂലം ശുദ്ധജലവും ലഭ്യമല്ല. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള ശുചിമുറിയുമില്ല. നിലവില്‍ പുറമെ നിന്ന് ടാങ്കറില്‍ വെള്ളമെത്തിച്ചാണ് അത്യാവശ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
18 പോലിസുകാരാണ് ഇവിടെ സേവനത്തിനുണ്ടായിരുന്നതെങ്കിലും നിലവില്‍ 11 പേര്‍ മാത്രമാണുള്ളത്. ഇതില്‍ ആറു പേരുടെ സേവനമാണ് ഒരു ദിവസം ലഭിക്കുന്നത്. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ജനറല്‍ ഡ്യൂട്ടിയും നിര്‍വഹിക്കേണ്ടിവരുന്നു. സ്‌റ്റേഷനില്‍ ആകെയള്ളത് ഒരു ജീപ്പ് മാത്രമാണ്. ഒരു ബൈക്കുള്ളത് കട്ടപ്പുറത്തായിട്ട് കാലങ്ങളായി.
താരതമ്യേന അധികാര പരിധികൂടിയ സ്റ്റേഷനില്‍ ഒരു മാസത്തെ പെട്രോള്‍ അലോട്ട്‌മെന്റ് കേവലം 160 ലിറ്റര്‍ മാത്രമാണ്. തൊണ്ടി മുതലുകള്‍ സൂക്ഷിക്കാനോ, കണ്ടുകെട്ടുന്ന വാഹനങ്ങള്‍ കയറ്റിവിടാനോ സ്ഥല സൗകര്യങ്ങളില്ല. അപര്യാപ്തതകളെ തുടര്‍ന്ന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ ആഭ്യന്തര വകുപ്പ് ഫണ്ട് അനുവദിച്ചെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ല.
സ്‌റ്റേഷനിലെ പ്രതിസന്ധി താല്‍ക്കാലികമായെങ്കിലും ദുരീകരിക്കണമെങ്കില്‍ കിണര്‍ ശുചീകരിക്കുകയും ശുചിമുറി പുനരുദ്ധരിക്കുകയും വേണം. ഒപ്പം കെട്ടിടത്തില്‍ അവശ്യം വേണ്ട മറ്റ് അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്.
അധിക പോലിസുകാരെ വിന്യസിച്ച് പരിധിയിലെ ക്രമസമാധാന പരിപാലനം കുറ്റമറ്റതാക്കേണ്ടതും അത്യാവശ്യമാണെന്ന് ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it