Idukki local

അപരിചിതര്‍ കറങ്ങുന്നു; രാത്രിയില്‍ മോഷ്ടാക്കളുടെ ശല്യം

പുഷ്പക്കണ്ടം: പകല്‍ സമയങ്ങളിലുള്ള അപരിചിതരുടെ കറക്കവും രാത്രിയില്‍ മോഷ്ടാക്കളുടെ ശല്യവുംമൂലം പുഷ്പക്കണ്ടം മേഖലയില്‍ നാട്ടുകാര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായുമുള്ള നിരവധിപേരാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഇതിനിടെ രാത്രികാലങ്ങളില്‍ പുഷ്പക്കണ്ടം, അട്ടേക്കാനം, അണക്കര, ചെന്നാപ്പാറ മേഖലകളില്‍ മോഷണ ശ്രമങ്ങളുമുണ്ടായി. വെള്ളിയാഴ്ച ഉള്‍മേഖലകളിലൂടെ കറങ്ങിയ ചിലരെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. വിവരങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇവരില്‍ നിന്ന് ലഭിച്ചത്.
പിന്നീട് ഇവര്‍ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. അന്ന് രാത്രി തന്നെ അട്ടക്കാനം പ്രദേശത്ത് മോഷണ ശ്രമവുമുണ്ടായി. രാത്രിയില്‍ മോഷ്ടാക്കളുടെ സാന്നിദ്യം മനസ്സിലാക്കിയ നാട്ടുകാര്‍ സംഘടിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. കുരുമുളക്, കാപ്പി, ഏലം വിളവെടുപ്പ് സീസണില്‍ ഹൈറേഞ്ചില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുക പതിവാണ്. വിളവെടുക്കാന്‍ പാകമായ കുരുമുളക് വള്ളിയോടെയും ഏലക്കാ ശരത്തോടെയും വ്യാപകമായി വെട്ടിക്കടത്തുന്ന സംഘങ്ങള്‍ കര്‍ഷര്‍ക്ക് ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുട്ടികളെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന രണ്ട് സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇത് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. നേരത്തെ മേഖലയില്‍ മദ്യം, കഞ്ചാവ് കച്ചവട ലോബിയുടെ ശല്യവും രൂക്ഷമായിരുന്നു. ഇതേതുടര്‍ന്ന് എക്‌സൈസ്, പോലിസ് വിഭാഗങ്ങള്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. ഇതോടെ ഇത്തരം ഗ്രൂപ്പുകള്‍ ഒതുങ്ങി. അധികൃതര്‍ പരിശോധനയും കുറച്ചു.
ഇതിനുശേഷം ഇപ്പോള്‍ അപരിചിതരുടെ സാന്നിദ്യമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. മോഷണശ്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ പോലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പോലിസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവിധ മേഖലകളില്‍ അന്വേഷണത്തിനും നിരീക്ഷണത്തിനുമായി ചിലരെ നിയോഗിച്ചതാണെന്നും ഇവരാണ് മേഖലയില്‍ എത്തിയ അപരിചതരെന്നും അഭ്യൂഹവും പരന്നിട്ടുണ്ട്. കഞ്ചാവ്, വ്യാജവാറ്റ് തുടങ്ങിയവ വ്യാപകമായ സാഹചര്യത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം മേഖലയില്‍ വ്യാപകമായ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധിപേര്‍ പിടിയിലുമായിരുന്നു.
കഴിഞ്ഞദിവസം പുഷ്പ്പക്കണ്ടത്ത് നാട്ടുകാര്‍ തടഞ്ഞുവച്ച അപരിചിതനും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചിലര്‍ ഇദ്ദേഹത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പ്രദേശത്തുള്ള ഒരാളുടെ വീട്ടിലേക്ക് പോകാന്‍ വന്നതാണ് എന്നു പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ ഇദ്ദേഹത്തെയുമായി പോവുന്നതിനിടെ ഇടവഴിയില്‍ വച്ച് കടന്നുകളയുകയും ചെയ്തു. ഇതും നാട്ടുകാരുടെ ആശങ്ക വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. മേഖലയില്‍ നിരന്തരം അപരിചര്‍ എത്തി മടങ്ങുന്ന സാഹചര്യത്തില്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ഉന്നതതലങ്ങളില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണു നാട്ടുകാര്‍.
Next Story

RELATED STORIES

Share it