thrissur local

അപരന്‍മാര്‍ പിന്‍മാറി; കുന്നംകുളത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

കുന്നംകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലത്തിലെ ഇരുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരായി രംഗത്തെത്തിയവര്‍ പിന്‍മാറി. എന്‍ എ ജോണ്‍, സി ടി മൊയ്തീന്‍ എന്നിവരാണ് പിന്‍മാറിയത്. 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി പി ജോണ്‍ 481 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതോടെ അപരനായി എത്തിയ പി ഐ ജോണ്‍ 841 വോട്ടുകള്‍ നേടിയിരുന്നു.
ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്ന പേരിലെത്തിയ അപരനാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമായതെന്ന് കാണിച്ച് പിന്നീട് നിയമ പോരാട്ടങ്ങള്‍ നടന്നിരുന്നു. ഇത്തവണ അപരനെ തടുക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫാണ് മലപ്പുറം സ്വദേശിയായ സി ടി മൊയ്തീനെ രംഗത്തിറക്കിയത്. ഇതിനു ബദലായി മിണാലൂര്‍ സ്വദേശിയായ എന്‍ എ ജോണിനെ എല്‍ഡിഎഫ് രംഗത്തിറക്കുകയായിരുന്നു.
ഇരു മുന്നണികളിലെ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇരുവരും പിന്‍മാറിയത്. ഇതേ സമയം വടക്കാഞ്ചേരി, ഗുരുവായൂര്‍, ഒല്ലൂര്‍ മണ്ഡലങ്ങളില്‍ ഇരു മുന്നണികള്‍ക്കും അപരന്‍മാരുടെ ഭീഷണിയുണ്ട്.
പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി കഴിഞ്ഞിട്ടും ഇവര്‍ മത്സര രംഗത്തു നിന്ന് പിന്‍മാറിയിട്ടില്ല. വടക്കാഞ്ചേരിയില്‍ പുതിയ സ്ഥാനാര്‍ഥി അനില്‍ അക്കരയ്‌ക്കെതിരെ അനില്‍ എന്ന് സ്ഥാനാര്‍ഥി മല്‍സരരംഗത്തുണ്ട്. ഗുരുവായൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി അബ്ദുള്‍ഖാദറിനെതിരെ അബ്ദുള്‍ഖാദര്‍ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി മല്‍സരിക്കുന്നുണ്ട്. ഒല്ലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം പി വിന്‍സെന്റിനെതിരെ എം ഡി വിന്‍സെന്റ് എന്ന സ്വതന്ത്രനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ രാജനെതിരെ കെ ജി രാജനും സ്ഥാനാര്‍ഥികളാണ്.
Next Story

RELATED STORIES

Share it