Editorial

അപമാനകരമായ ദുരഭിമാനക്കൊല

വരാപ്പുഴ കസ്റ്റഡിമരണത്തിനുശേഷം കേരളീയരെ നടുക്കുന്ന ഒരു ദുരഭിമാനക്കൊല കൂടി നടന്നിരിക്കുന്നു. മണിക്കൂറുകള്‍ നീണ്ട പീഡനത്തിനുശേഷം കൊലയാളികള്‍ കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപോര്‍ട്ട് പറയുന്നത്. ദലിത് യുവാവായ കെവിന്‍ 'ഉയര്‍ന്ന' ജാതിയില്‍പെട്ട എന്നാല്‍, അതേ മതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മുതിര്‍ന്നതിന്റെ പക തീര്‍ക്കാനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ കടുംകൈ ചെയ്തത്.
തന്റെ ജീവിതപങ്കാളിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി എന്നും സഹായിക്കണമെന്നും കരഞ്ഞുപറഞ്ഞുകൊണ്ട് ഗാന്ധിനഗര്‍ പോലിസ് സ്റ്റേഷനിലെത്തിയ നീനു എന്ന പെണ്‍കുട്ടിയെ മണിക്കൂറുകളോളമാണ് സ്‌റ്റേഷന്‍ എസ്‌ഐ  വരാന്തയില്‍ നിര്‍ത്തിയത്. തട്ടിക്കൊണ്ടുപോവല്‍ ഗുരുതരമായ കുറ്റമായിട്ടും പോലിസ് കാര്യമായ ഒരു നടപടിയുമെടുത്തില്ല. പെട്ടെന്ന് നടപടിയെടുത്തിരുന്നുവെങ്കില്‍ ഒരുപക്ഷേ, നിസ്സഹായനായ ആ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെ. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എല്ലാവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായതിനാലാവണം പോലിസ് വരാപ്പുഴയില്‍ കാണിച്ച അതേ നിസ്സംഗത തന്നെയാണ് ഈ വിഷയത്തിലും പ്രകടിപ്പിച്ചത്.
പോലിസ് പല കാര്യത്തിലും നിഷ്‌ക്രിയമായിരിക്കുകയാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടുകള്‍. കോവളത്ത് വിദേശ വനിതയുടെ കൊലപാതകവും ശ്രീജിത്തിന്റെ കസ്റ്റഡിമരണവും അതുപോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളും പോലിസ് അന്വേഷിക്കാന്‍ രംഗത്തുവരുന്നത് പലപ്പോഴും വലിയ ജനസമ്മര്‍ദമുണ്ടാവുമ്പോള്‍ മാത്രമാണ്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു വിവാദം മുഖ്യമന്ത്രിയുടെ സുരക്ഷാകവചവുമായി ബന്ധപ്പെട്ടാണ്. ഇടതുമുന്നണി ഭരണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പ്രസംഗിക്കവെ പിണറായി വിജയന്‍, തന്റെ സുരക്ഷയാണ് പോലിസിന്റെ ജാഗ്രതക്കുറവിനു കാരണമെന്നത് വെറും പ്രചാരവേല മാത്രമാണെന്നും മാധ്യമങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കാതിരിക്കുന്നത് തന്റെ പദവി മൂലമാണെന്നും വിശദീകരിക്കുന്നു. എന്നാല്‍ വസ്തുത അതല്ല. പതിവില്‍ നിന്നു വ്യത്യസ്തമായി, മുഖ്യമന്ത്രി സഞ്ചരിക്കുമ്പോഴൊക്കെ സുരക്ഷയൊരുക്കാന്‍ മാത്രം 300ലധികം പോലിസുകാരെ വിന്യസിക്കുന്നതായാണ് റിപോര്‍ട്ട്. പൈലറ്റ്, എസ്‌കോര്‍ട്ട് തുടങ്ങിയ ഫ്യൂഡല്‍ അലങ്കാരങ്ങളൊക്കെ വേണ്ടെന്നുവച്ച് അധികാരമേറിയ മുഖ്യമന്ത്രിയാണ് പിണറായി. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ ഇപ്പോള്‍ സസ്‌പെന്‍ഷനിലായ എസ്‌ഐയും മുഖ്യമന്ത്രിയുടെ സുരക്ഷയെക്കുറിച്ച അമിതോല്‍സാഹംകൊണ്ടാണ് നീനുവിന്റെ പരാതി അവഗണിച്ചതെന്ന് കേള്‍ക്കുന്നു.
ജീവിതനിലവാരത്തിലും പാരസ്പര്യത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ക്രമേണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണുന്ന ജാതിപകയും ദുരഭിമാനക്കൊലയുമൊക്കെ പകര്‍ത്തുന്നതിന്റെ കാരണങ്ങളാണ് ഭരണകൂടത്തിന്റെ പരാജയത്തോടൊപ്പം വിശകലനവിധേയമാക്കേണ്ടത്. മലപ്പുറം ജില്ലയില്‍ ഒരു പിതാവ്, മകള്‍ അന്യജാതിക്കാരനെ വിവാഹം കഴിക്കുന്നതില്‍ കുപിതനായി അവളെ കൊലപ്പെടുത്തിയത് ഈയിടെയാണ്. ജാതിയെന്നത് ഇപ്പോഴും നാം മറച്ചുപിടിക്കുന്ന ഒരു യാഥാര്‍ഥ്യമാണെന്നതിന്റെ തെളിവായിരിക്കാം അത്.
Next Story

RELATED STORIES

Share it