അപകീര്‍ത്തി പോസ്റ്റര്‍: അഴീക്കോട്ട്് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  എം വി നികേഷ്‌കുമാറിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്തയുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണാടിപ്പറമ്പ് സ്വദേശികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ എ വി നാരായണന്‍(56), ടി എം പത്മനാഭന്‍(62), പി രാജീവന്‍(47) എന്നിവരെയാണ് മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത്. കണ്ണാടിപ്പറമ്പില്‍ നിന്നാണ് ഇവരെ  പിടികൂടിയത്.  കീരിയാടിനു സമീപം വീടുകളില്‍ അപകീര്‍ത്തികരമായ നോട്ടീസ് വിതരണം നടത്തിയെന്ന പരാതിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ കെ എം ഷാജിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം അറഫാത്ത്, ലീഗ് പ്രവര്‍ത്തകരായ മന്‍സൂര്‍, ഫൈസല്‍ എന്നിവരെ വളപട്ടണം പോലിസ് പിടികൂടിയിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. ലീഗ് സമ്മര്‍ദ്ദം കാരണമാണ് ഇവരെ വിട്ടയച്ചതെന്നു സിപിഎം ആരോപിച്ചു. അതേസമയം, ആരെയും പിടികൂടിയിട്ടില്ലെന്നു വളപട്ടണം പോലിസ് അറിയിച്ചു. മണ്ഡലത്തില്‍ 20ഓളം കേന്ദ്രങ്ങളില്‍ ഇത്തരം പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്തതായും എല്‍ഡിഎഫ് ആരോപിച്ചു. വിവരമറിഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി പോലിസിനേയും തിരഞ്ഞെടുപ്പ് സ്‌ക്വാഡിനെയും ഏല്‍പിക്കുകയായിരുന്നു. നാറാത്ത് ഓണപ്പറമ്പ്, കക്കാട്, കണ്ണാടിപ്പറമ്പ്, പള്ളിക്കുന്ന്, കീരിയാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് വനിതാ നേതാവുമായ പുതിയതെരു ഹൈവേക്കു സമീപത്തെ എന്‍ പി മനോരമയുടെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തുകയും ഇവര്‍ക്കും ഭര്‍ത്താവിനുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. വളപട്ടണത്തുനിന്ന് പോലിസ് പിടിച്ചെടുത്ത ലഘുലേഖകള്‍ക്ക് സമാനമായ ലഘുലേഖകളാണ് ഇന്നലെയും വിതരണം ചെയ്തത്. കണ്ണാടിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി പി ബൈജുവിന്റെ പരാതിയിലാണ് മയ്യില്‍ പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനു കെ എ ഷാജിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ്‌കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it