Kollam Local

അപകടാവസ്ഥയില്‍ റോഡരികിലെ മരങ്ങള്‍ ; അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാക്ഷേപം



പത്തനാപുരം: അപകടാവസ്ഥയില്‍ റോഡരികില്‍  മരങ്ങള്‍ നില്‍ക്കുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാക്ഷേപം. വാഹന യാത്രക്കാര്‍ക്കും വീടുകള്‍ക്കും ഭീഷണിയായി അപകടകരമായി നില്‍ക്കുന്ന മരങ്ങളെ ഭയപ്പാടോടെ നോക്കി ദിനങ്ങള്‍ തള്ളി നീക്കുന്ന നിരവധി പേര്‍ കിഴക്കന്‍ മലയോര മേഖലയിലുണ്ട്. വനം, ദേശീയപാത, റെയില്‍വേ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ച് ചര്‍ച്ച ചെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിക്കാവുന്ന വിഷയത്തിനായി  ജനപ്രതിനിധികള്‍  മുന്‍കൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പുനലൂര്‍ മുതല്‍ ആര്യങ്കാവ് കോട്ടവാസല്‍ വരെ ദേശീയപാതയോരത്തും പുനലൂര്‍-പത്തനാപുരംറോഡിലും നില്‍ക്കുന്ന കൂറ്റന്‍ മരങ്ങളില്‍ പലതും അപകട ഭീഷണിയിലാണ്. ചിലതിന്റെ  ചുവടുകള്‍ ദ്രവിച്ചതാണ്. വേരുകള്‍ തെളിഞ്ഞും ശിഖരങ്ങള്‍ ഉണങ്ങിയും നില്‍ക്കുന്നവ ധാരാളം. പക്ഷെ ഇതൊന്നും മുറിച്ചു മാറ്റാന്‍ നടപടിയില്ല. മരങ്ങള്‍ക്കടുത്തുള്ള വീടുകളിലുള്ളവരാണ് ഏറെ ഭയപ്പാടോടെ കഴിയുന്നത്. കാറ്റും മഴയുമെത്തിയാല്‍ മിക്കവരും കുട്ടികളുമായി വീട്ടില്‍ നിന്നിറങ്ങി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറും. രാത്രിയില്‍ മഴ വന്നാല്‍ എങ്ങോട്ടും പോകാനാകാതെ പേടിച്ച് വീടുകളില്‍ കഴിയാതെ മറ്റ് മാര്‍ഗമില്ല. വനം വകുപ്പാണ് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടിയെടുക്കേണ്ടത്. പക്ഷെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥ മരംമുറിക്ക് തടസ്സം നില്‍ക്കുന്നു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാനും പകരം കൂടുതല്‍ തണല്‍മരങ്ങള്‍ നടാനും അധികൃതര്‍ തയാറാവണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മരത്തിന് വില നിശ്ചയിക്കുന്നിടത്തേ തടസ്സങ്ങള്‍ തുടങ്ങും. നിലംപൊത്താറായ നിലയിലുള്ള മരങ്ങള്‍ വേഗം മുറിക്കാന്‍ അധികൃതര്‍ നടപടി എടുക്കാറില്ല. പകരം ആരും ലേലത്തിന് സന്നദ്ദരാവാത്ത വിധം ഭീമമായ വിലയാണ് ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്നത്. ഇതോടെ ലേലത്തിന് ആരും എത്തില്ല. സാങ്കേതിക തടസങ്ങളെ ചൊല്ലി മരം മുറി വൈകുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നു. തെന്മലയില്‍ മിക്കയിടത്തും വനംവകുപ്പിന്റെ അധീനതയിലാണ് കൂറ്റന്‍ മരങ്ങള്‍. റെയില്‍വേ പുറമ്പോക്കുകളിലും അപകട സ്ഥിതിയില്‍ മരങ്ങളുണ്ട്. വനം, ദേശീയപാത, റയില്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ തര്‍ക്കങ്ങള്‍ മരംമുറി തടസ്സപ്പെടുത്തുകയാണ്. പ്രശ്‌ന പരിഹാരത്തിന് റവന്യൂ അധികൃതരും ഫലപ്രദമായി ഇടപെടുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തെന്മലയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ പാലമരം വീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് പുനലൂര്‍ മുതല്‍ ആര്യങ്കാവ് വരെ റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ദേശീയ പാതയിലേക്ക് മരം വീഴുന്നത് പതിവാകുകയും ചെയ്തു. എന്നിട്ടും അധികൃതര്‍ മരം മുറിക്ക് സന്നദ്ദരാവുന്നില്ല. കഴിഞ്ഞ ദിവസം തെന്മല എംഎസ്എല്ലില്‍ വീടിന് മുകളില്‍ മര ശിഖരം വീണ് വീട് തകര്‍ന്നതാണ് ഒടുവിലത്തെ അപകടം. സംഭവത്തില്‍ വീട്ടിലെ കുട്ടിക്ക് പരിക്കേറ്റു. മറ്റുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മഴക്കാലമെത്തും മുമ്പേ, അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it