Kottayam Local

അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തെ സഹായിക്കാന്‍ അയ്മനം ഗ്രാമം കൈകോര്‍ക്കുന്നു

ആര്‍പ്പൂക്കര: അപകടത്തില്‍ മരിച്ച് യുവാവിന്റെ അന്ധയായ മകളേയും ഭാര്യയേയും സഹായിക്കാന്‍ അയ്മനം ഗ്രാമം ഇന്ന് കൈക്കോര്‍ക്കുന്നു. ചേര്‍ത്തല പൂച്ചാക്കല്‍ പൊറ്റേത്തറ ബിജുകുമാര്‍ (39) എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്. ഇയാളുടെ ഏക മകള്‍ ലക്ഷ്മി പ്രിയ (8)യുടെ രണ്ട് കണ്ണും പൂര്‍ണമായി കാഴ്ച ശേഷി ഇല്ലാത്തതാണ്.
ഒളശ്ശ അന്ധവിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരിയായ ലക്ഷ്മി പ്രിയക്കും മാതാവ് സ്മിതക്കും സ്വന്തമായി ഭൂമിയോ, വീടോ ഇല്ല. അതിനാല്‍ സ്‌കുള്‍ ഹെഡ്മാസ്റ്റര്‍ ഇ ജെ കുര്യന്റെ ആവശ്യപ്രകാരം റേഡിയോ വില്ലേജ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയാണ് സഹായ വാഗ്ദാനവുമായി രംഗത്തുവന്നത്.
കഴിഞ്ഞ 19ന് ഒളശ സ്‌കൂള്‍ അങ്കണത്തില്‍ യോഗം ചേര്‍ന്ന് സുരേഷ് കുറുപ്പ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഹെഡ്മാസ്റ്റര്‍ ഇ ജെ കുര്യന്‍ എന്നിവര്‍ രക്ഷാധികാരികളും അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ കെ ലാലിച്ചന്‍ ചെയര്‍മാനുമായി ബിജുകുമാര്‍ കുടുംബ സഹായ ഫണ്ട് രൂപീകരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 16,17,18 വാര്‍ഡുകളിലാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഇന്ന് രാവിലെ 10ന് ആരംഭിച്ച് രണ്ടിന് അവസാനിക്കും.
ഇപ്പോള്‍ സ്‌കൂളിന് സമീപം വാടകയ്ക്കാണ് ലക്ഷ്മി പ്രിയയും മാതാവും താമസിക്കുന്നത്. മെയ് 24ന് എറണാകുളം വല്ലാര്‍പാടത്തുവെച്ച് ലോറിയില്‍ നിന്നും റബര്‍ അരയ്ക്കുന്ന മിഷ്യന്റെ സ്‌പെയര്‍ പാര്‍ട്‌സ് വീണ് ബിജുവിന് പരിക്കേറ്റിരുന്നു. ജൂണ്‍ 11ന് മരണപ്പെടുകയും ചെയ്തു. അനാഥരായ കുടുംബത്തെ സംരക്ഷിക്കുന്നതിനാണ് സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം നടക്കുന്നത്.
Next Story

RELATED STORIES

Share it