അപകടത്തില്‍ ദുരൂഹത; ഹനാന്റെ പരാതിയില്‍ പോലിസ് കേസെടുത്തു

കൊച്ചി: സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഹനാന്‍. അപകടം മനപ്പൂര്‍വം വരുത്തിയതാണെന്നു സംശയിക്കുന്നതായി നട്ടെല്ലിന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാന്‍ ആരോപിച്ചു. ഹനാന്റെ വിശദീകരണം ഇങ്ങനെ: ഇക്കഴിഞ്ഞ രണ്ടിന് വൈകീട്ട് ആറുമണിക്കാണ് സ്വകാര്യ പരിപാടിയില്‍ പങ്കെടുത്തശേഷം കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്ക് കാറില്‍ മടങ്ങിയത്. പകല്‍ മുഴുവന്‍ യാത്രയും പരിപാടികളുമായതിനാല്‍ നല്ല ക്ഷീണമുണ്ടായിരുന്നു. യാത്ര ആരംഭിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരുസ്ഥലത്തു നിര്‍ത്തി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് ഉറക്കത്തിലായി. പിന്നീട് വാഹനം പോസ്റ്റിലിടിച്ച് നില്‍ക്കുമ്പോഴാണ് ഉണരുന്നത്. സാധാരണഗതിയില്‍ കോഴിക്കോട്ട് നിന്ന് അഞ്ചുമണിക്കൂറിനുള്ളില്‍ എറണാകുളത്ത് എത്താറുള്ളതാണ്. എന്നാല്‍, യാത്ര പുറപ്പെട്ട് ഏതാണ്ട് 12 മണിക്കൂറോളം കഴിഞ്ഞാണ് കൊടുങ്ങല്ലൂരിലെത്തിയത്. ഇക്കാര്യം ഡ്രൈവറോട് ചോദിച്ചപ്പോള്‍ ഇടയ്ക്ക് വാഹനം നിര്‍ത്തി ഉറങ്ങുകയായിരുന്നുവെന്ന മറുപടിയാണു ലഭിച്ചത്. എന്നാ ല്‍, ഉറക്കത്തില്‍ വാഹനം ഇടയ്ക്ക് നിര്‍ത്തിയാല്‍ സാധാരണഗതിയില്‍ അറിയേണ്ടതാണ്. ഡ്രൈവര്‍ ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. പരിചിതമല്ലാത്ത വഴിയിലൂടെ ഏറെനേരം സഞ്ചരിച്ചതായി തോന്നി- ഹനാന്‍ പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സുഹൃത്തിന്റെയായിരുന്നു വാഹനം. സുഹൃത്ത് തന്നെയാണ് അവരുടെ അകന്ന ബന്ധുകൂടിയായ ആളെ ഡ്രൈവറായി ഏര്‍പ്പാടാക്കിയത്. വാഹനം പോസ്റ്റിലിടിച്ച് നിര്‍ത്തുന്നതുപോലെയാണ് തോന്നിയത്. ആരും വട്ടംചാടുന്നതായി ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവം നടന്നയുടന്‍ തന്നെ ഡ്രൈവര്‍ വാഹനത്തില്‍ നിന്നു പരിക്കുപറ്റാതെ ഇറങ്ങുകയും ചെയ്തതായി ഹനാന്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ രേഖപ്പെടുത്തിയ മൊഴിയിലും വ്യത്യാസമുണ്ടായിരുന്നു. ബന്ധുവാണെന്നും യാത്രയില്‍ താന്‍ സീറ്റ് ബെ ല്‍റ്റ് ഇട്ടിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍, യാത്രയുടെ തുടക്കം മുതല്‍ തന്നെ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. സംഭവം നടന്നയുടന്‍ തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തി. അപകടം നടന്ന്് മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ എങ്ങനെ എത്തിയെന്ന് അറിയില്ല. സമ്മതം കൂടാതെ ലൈവ് നല്‍കുകയും ചെയ്തു. എന്നാല്‍, ഡ്രൈവര്‍ പോലിസിനോട് പറഞ്ഞത് ലൈവ് നല്‍കാന്‍ താന്‍ സമ്മതം നല്‍കിയെന്നാണ്- ഹനാന്‍ പറയുന്നു. ഈ വിവരങ്ങളെല്ലാം ആശുപത്രി അധികൃതരെ ധരിപ്പിച്ചു. തുടര്‍ന്നാണ് പോലിസെത്തി ഹനാന്റെ പരാതി സ്വീകരിച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാന്‍ ശസ്ത്രക്രിയക്കു ശേഷം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ബാപ്പ ഹമീദ് എത്തിയതോടെ ഏറെ സന്തോഷത്തിലാണ് ഹനാന്‍. ഇപ്പോള്‍ ആരുമില്ലെന്ന തോന്നല്‍ ഇല്ലെന്നും സുഖംപ്രാപിച്ച—ശേഷം ബാപ്പയ്‌ക്കൊപ്പമായിരിക്കും വീട്ടിലേക്കു പോവുകയെന്നും ഹനാന്‍ അറിയിച്ചു.





Next Story

RELATED STORIES

Share it