thiruvananthapuram local

അപകടങ്ങള്‍ തുടര്‍ക്കഥ; ഒരുമാസത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍

തിരുവനന്തപുരം: ദിവസങ്ങള്‍ക്കു മുമ്പ് മാത്രം ഗതാഗതത്തിനു തുറന്നു കൊടുത്ത കരമന-കഴിയിക്കാവിള ദേശീയപാത യാത്രക്കാര്‍ക്ക മരണക്കെണിയാവുന്നു. മതിയായ ട്രാഫിക് സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണം. തിങ്കളാഴ്ച മാത്രം അര മണിക്കൂറിന്റെ വ്യത്യാസത്തില്‍ ഇവിടെ രണ്ടപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് അപകടമരണങ്ങളാണ് ഇവിടെ സംഭവിച്ചത്. 17 ഓളം പേര്‍ക്ക് ഇവിടെ നടന്ന അപകടങ്ങളില്‍ പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച കൈമനത്തിനു സമീപം നടന്ന അപകടത്തില്‍ കാട്ടാക്കട കുളത്തുമ്മല്‍ കാവുംപുറം സ്വദേശി സുധീര്‍ (27) മരണപ്പെട്ടിരുന്നു. മറ്റൊരപകടത്തില്‍ വെഞ്ഞാറമൂട് സ്വദേശി ആദര്‍ശി (20)ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുചക്രവാഹന യാത്രക്കാരായ ഇരുവരും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങളുടെ അമിതവേഗതയും നിയന്ത്രണത്തിനായി ഫലപ്രദമായ സംവിധാനങ്ങളും ഇവിടെയില്ല. ഉദ്ഘാടനം കഴിഞ്ഞ 5.5 കിലോമീറ്റര്‍ ദേശീയപാതയില്‍ പേരിനു പോലും ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ചിട്ടില്ല. ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതിനായി കെല്‍ട്രോണിന് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനായി ഫണ്ട് അനുവദിക്കാത്തതിനാല്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാന്‍ കെല്‍ട്രോണ്‍ ഇതുവരെ തയ്യാറായിട്ടില്ല. റോഡ് ഫണ്ട് ബോര്‍ഡും കെല്‍ട്രോണും തമ്മിലുള്ള തര്‍ക്കമാണ് ഇത്തരത്തില്‍ സിഗ്നല്‍ നിര്‍മാണം നീളുന്നതിന് കാരണമെന്നും ആക്ഷപമുണ്ട്.
കൂടാതെ, റോഡിന് വീതി കൂടിയതോടെ വാഹനങ്ങള്‍ അമിതവേഗതയിലാണ് പോകുന്നത്. ഇത് നിയന്ത്രിക്കാന്‍ പോലിസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതിനായി ഇന്റര്‍സെപ്റ്ററുകളോ നിരീക്ഷണ കാമറകളോ സ്ഥാപിച്ചിട്ടില്ല. പുതിയ റോഡില്‍ ട്രാഫിക് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. അലക്ഷ്യമായും അമിതവേഗത്തിലും വാഹനങ്ങള്‍ കടന്നുപോവുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വലുതും ചെറുതുമായ വാഹനങ്ങള്‍ ഏതു ലൈനിലൂടെ കടന്നുപോവണമെന്നുള്ളതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ യാത്രക്കാര്‍ക്ക് വിവരങ്ങളും അപകട മുന്നറിയിപ്പും നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
കൂടാതെ, റോഡില്‍ പലസ്ഥലങ്ങളിലും മീഡിയന്‍ തുറന്നിട്ടുള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പാപ്പനംകോട് ഇറക്കമിറങ്ങി വരുന്ന ഭാഗത്ത് മീഡിയന്‍ അനുവദിച്ചത് അശാസ്ത്രീയമാണെന്ന് പരാതിയുണ്ട്. വളരെ അപകടസാധ്യതയുള്ള സ്ഥലത്താണ് സമ്മര്‍ദ്ദത്തിനുവഴങ്ങി മീഡിയന്‍ അനുവദിച്ചതെന്നാണ് ആക്ഷേപം. അമിതവേഗതയും മറ്റും കാരണം കാല്‍നയാത്രക്കാര്‍ക്ക് റോഡ് ക്രോസ് ചെയ്യുന്നതും ബുദ്ധിമുട്ടേറിയതാണ്. റോഡ് മുറിച്ചുകടക്കാന്‍ അനുവദിച്ച സ്ഥലങ്ങളില്‍ സ്ത്രീകളും പ്രായമേറിയവരും ബുദ്ധിമുട്ടുകയാണ്. എന്നാല്‍ നേമത്ത് അടിപ്പാത സ്ഥാപിച്ചത് കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളടക്കം നൂറുകണക്കിനാളുകളാണ് ദിവസേന ഈ അടിപ്പാത ഉപയോഗിക്കുന്നത്. ഇതിനുപുറമേ റോഡിന്റെ ഇരുവശങ്ങളിലെയും വാഹനപാര്‍ക്കിങ്ങും പലപ്പോളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആറുവരിപ്പാതയില്‍ രണ്ടു വരികളിലും മിക്കപ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്.
Next Story

RELATED STORIES

Share it