kasaragod local

അപകടക്കെണിയൊരുക്കി മഞ്ചേശ്വരത്തെ റെയില്‍വേ ട്രാക്ക്

മഞ്ചേശ്വരം: മഞ്ചേശ്വരം റെയില്‍വേ പാളം മുറിച്ചുകടന്നുള്ള യാത്ര അപകടം ക്ഷണിച്ചുവരുത്തുന്നു. മഞ്ചേശ്വരത്തിന്റെ കിഴക്കുഭാഗത്തായാണ് ദേശീയപാതയുള്ളത്. പടിഞ്ഞാറുഭാഗത്തായാണ് മഞ്ചേശ്വരം ടൗണും റെയില്‍വേ സ്റ്റേഷനും ആശുപത്രികളും സര്‍ക്കാര്‍ ഓഫിസുകളും സ്ഥിതിചെയ്യുന്നത്. അതിനാല്‍തന്നെ കിഴക്കുഭാഗത്തുള്ളവര്‍ക്ക് ടൗണിലെത്തണമെങ്കില്‍ ഈ റെയില്‍പാളം മുറിച്ചുകടക്കണം. റെയില്‍വേ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉണ്ടെങ്കിലും സ്റ്റേഷനില്‍ നിന്നും 300 മീറ്റര്‍ അകലെ വച്ചാണ് ജനങ്ങള്‍ ട്രാക്ക് മുറിച്ചുകടക്കുന്നത്. നാലു ട്രാക്കുകളാണ് ഈ റെയില്‍വേ സ്റ്റേഷനിലുള്ളത്. മംഗളുരു സ്റ്റേഷനില്‍ സ്ഥലപരിമിതിയുടെ പ്രശ്‌നം വരുമ്പോള്‍ ഗുഡ്‌സ് ട്രെയിനുകള്‍ മണിക്കൂറുകളോളം ഈ സ്‌റ്റേഷനില്‍ പിടിച്ചിടുന്നത് പതിവാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇങ്ങനെ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ അടിയിലൂടെ കടന്നുപോകുന്നത് പതിവുകാഴ്ചയാണ്. നാലുവര്‍ഷം മുമ്പ് ഇത്തരത്തില്‍ പാളം മുറിച്ചുകടക്കുമ്പോള്‍ മഞ്ചേശ്വരം സ്‌റ്റേഷനില്‍ ഒരാള്‍ ട്രെയിന്‍ തട്ടിമരിച്ചിരുന്നു. ജില്ലയില്‍ നിലവില്‍ ചന്തേര റെയില്‍വേ സ്‌റ്റേഷനില്‍ മാത്രമാണ് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തത്. എന്നാല്‍ എല്ലാ സ്റ്റേഷനുകളിലും ഇതുപയോഗിക്കാതെ പാളം മുറിച്ചുകടക്കുന്നവരാണ് ഭൂരിഭാഗവും. മഞ്ചേശ്വരം രാഗം ജങ്ഷനില്‍ ബസ് ഇറങ്ങുന്നവര്‍ക്കും കയറുന്നവര്‍ക്കും മഞ്ചേശ്വരം ടൗണിലെത്തണമെങ്കില്‍ ഈ പാളം മുറിച്ചുകടന്നുവേണം പോകാന്‍. മേേഞ്ചശ്വരം പോലിസ് സ്‌റ്റേഷന്‍, ആശുപത്രി, സബ് രജിസ്ട്രാര്‍ ഓഫിസ്, നിരവധി വിദ്യാലയങ്ങള്‍, ബാങ്കുകള്‍, മല്‍സ്യമാര്‍ക്കറ്റ് എന്നിവയിലേക്കെത്തണമെങ്കില്‍ പാളം മുറിച്ചുകടക്കുകയല്ലാതെ മറ്റുവഴിയില്ല. അപകടകരമായ പാളം മുറിച്ചുകടക്കല്‍ ഇവിടെ പതിവാണ്. പിഞ്ചുവിദ്യാര്‍ഥികളടക്കം പാളം മുറിച്ചുകടക്കുമ്പോള്‍ സഹായിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്. ഇന്നലെ രണ്ട് സഹോദരിമാരും മകനും ട്രെയിന്‍ തട്ടിമരിക്കാനിടയായ സംഭവം ജനങ്ങളില്‍ ഭീതിയുളവാക്കി. അപകടകരമായ നിലയിലുള്ള റെയില്‍പാളത്തില്‍ സെക്യൂരിറ്റിയെ നിയമിക്കണമെന്നും യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it