kozhikode local

അപകടക്കുഴികള്‍ ; ദേശീയപാതയിലെ യാത്ര ദുഷ്‌കരമാവുന്നു



പയ്യോളി: മഴ കനത്തതോടെ ദേശീയപാത തകര്‍ന്ന് യാത്ര ദുഷ്‌ക്കരമായി. റോഡില്‍ പലയിടത്തും മരണം പതിയിരിക്കുന്ന വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു. ഇരു ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പേടിപ്പിക്കുന്നത് ഇത്തരം കുഴികളാണ്. വെള്ളക്കെട്ടുള്ള റോഡിലാണെങ്കില്‍ കുഴികള്‍ പതിയിരിക്കുന്നത് അറിയാതെ വാഹനങ്ങള്‍ അപകടത്തില്‍ പെടും. റോഡില്‍ മരണ കുഴികള്‍ പെരുകി അപകടങ്ങള്‍ പതിവാകുമ്പോഴും അധികൃതരുടെ നിസംഗത തുടരുകയാണ്. അയനിക്കാട് കളരിപ്പടി മുതല്‍ വടകര വരെ ദേശീയപാതയില്‍ വലിയ മരണ  കുഴികള്‍ രൂപപ്പെട്ടിട്ട് ആഴ്ചകളായി. മഴക്കാലത്തിന് മുമ്പ് ഈ ഭാഗത്ത് കുഴിയടക്കല്‍ പ്രവൃത്തി നടന്നെങ്കിലും മഴ ശക്തമായതോടെ കുഴിയടക്കല്‍ വഴിപാടായി മാറുകയും ചെയ്തു. മാത്രമല്ല മുമ്പത്തേക്കാള്‍ ഏറെ ശോചനീയമാണ് മൂരാട്, ഇരിങ്ങല്‍ ഭാഗത്തേക്കുള്ള യാത്ര. മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക് കൂടിയാവുമ്പോള്‍ ദുരിതം ഇരട്ടിയാവുകയും ചെയ്യുന്നു. റോഡ് തകര്‍ച്ചയിലൂടെ ഇരുചക്രവാഹനങ്ങളും കാര്‍ യാത്രക്കാരുമാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറെയും അനുഭവിക്കുന്നത്. വലിയ വാഹനങ്ങള്‍ നിലവിലെ കുഴികളിലേക്കിറങ്ങുമ്പോള്‍ കുഴികള്‍ വലിയ തോടുകളായി മാറുകയാണ്. രണ്ട് കിലോമീറ്ററിനുള്ളില്‍ അമ്പതോളം കുഴികള്‍ താണ്ടിയാണ് വാഹനങ്ങള്‍ ഇതുവഴി കടന്നു പോവുന്നത്. ദേശീയ പാതയായതിനാല്‍ ദിനം പ്രതി നിരവധി മന്ത്രിമാരും എംഎല്‍എമാരും ജനപ്രതിനിധികളും ഇത് വഴി കടന്നു പോകുന്നുണ്ടങ്കിലും ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് അക്ഷേപം.
Next Story

RELATED STORIES

Share it