Pathanamthitta local

അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം: കലക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ പൊതുസ്ഥാപനങ്ങള്‍ക്കും സ്വകാര്യ കെട്ടിടങ്ങള്‍ക്കും ഭീഷണിയായി  നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചനീക്കുന്നതിന് ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. കോഴഞ്ചേരി താലൂക്കുതല പരാതിപരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. അദാലത്തില്‍ ലഭിച്ചതില്‍ കൂടുതല്‍ പരാതികള്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടവയായിരുന്നു. ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയാത്ത കേസുകള്‍ റവന്യു ഡിവിഷണല്‍ ഓഫിസര്‍ക്ക് കൈമാറി പോലിസിന്റെ സഹായത്തോടെ മുറിച്ചുമാറ്റണം. ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം പരാതികളില്‍ സമയബന്ധിതമായി നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
ലൈഫ് പദ്ധതിയില്‍ അര്‍ഹതയുള്ള എല്ലാവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. സ്വന്തമായി വീടില്ലാത്ത റേഷന്‍ കാര്‍ഡുള്ള ചില കുടുംബങ്ങള്‍ വീടിനുള്ള അപേക്ഷയുമായി ഇപ്പോഴും എത്തുന്നുണ്ട്. പൂര്‍ണമായും അര്‍ഹതയുള്ള കേസുകളാണെന്ന് ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശഭരണ അധികൃതര്‍ അവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ എടുക്കണം. ഇക്കാര്യത്തില്‍ തദ്ദേശഭരണ സെക്രട്ടറിമാരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടാകരുതെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട പരാതിയില്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
ആകെ 58 പരാതികളായിരുന്നു അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 25 എണ്ണം നേരത്തെ ലഭിച്ചതും 33 എണ്ണം അദാലത്തില്‍ ലഭിച്ചതുമാണ്. പരാതികളുടെ വകുപ്പ് തിരിച്ചുള്ള കണക്ക്: റവന്യു-24, തദ്ദേശഭരണം -23, മോട്ടോര്‍വാഹനം-4, പട്ടികജാതിവികസനം-രണ്ട്, മറ്റ് വകുപ്പുകള്‍-നാല്. എഡിഎം കെ ദിവാകരന്‍ നായര്‍, അടൂര്‍ ആര്‍ഡിഒ എം എ റഹിം, കോഴഞ്ചേരി തഹസീല്‍ദാര്‍ ബി ജ്യോതി, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ പി എ സജീവ് കുമാര്‍, ഗംഗാധരന്‍ തമ്പി, പത്മസാഗര്‍, ഹരിലാല്‍, ദീപ പങ്കെടുത്തു.
Next Story

RELATED STORIES

Share it