kozhikode local

അപകടം വരുത്തിയ കെട്ടിടത്തിന്റെ രേഖകള്‍ പൂഴ്ത്തി ഉദ്യോഗസ്ഥര്‍

കോഴിക്കോട്: അനധികൃത കെട്ടിടത്തിന് വ്യാജരേഖ സമര്‍പ്പിച്ച് നിര്‍മാണാനുമതി സംഘടിപ്പിച്ച സംഭവത്തിലെ രേഖകള്‍ പൂഴ്ത്തി നഗരസഭാ കാര്യാലയം. നഗരത്തിലെ  കെട്ടിടനിര്‍മാണങ്ങളില്‍ മിക്കതിലും ചട്ടം പാലിക്കുന്നില്ല എന്ന ആരോപണത്തിന് അടിവരയിടുന്ന വിവരാവകാശ രേഖ പുറത്ത്്. സ്റ്റേഡിയം ജംങ്ഷനില്‍ അനധികൃത കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നതിനു തൊട്ടുപിന്നാലെ ആനിഹാള്‍ റോഡില്‍ നിര്‍മാണം നടന്നുവന്ന മറ്റൊരു കെട്ടിടത്തിലും മണ്ണിടിച്ചിലുണ്ടായിരുന്നു.
ഈ കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് സിവില്‍ എഞ്ചിനീയറായ വേങ്ങേരി സ്വദേശി സുനില്‍കുമാര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയാണ് നഗരസഭയിലെ കെട്ടിട നിര്‍മാണ മേഖലയിലെ അഴിമതിയിലേക്ക്്് വിരല്‍ ചൂണ്ടുന്നത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചു പ്രവൃത്തി നടത്തിയ ഈ കെട്ടിടത്തിന്റെ നിര്‍മാണാനുമതിക്കായി വ്യാജ രേഖകളാണ് ഉദ്യോഗസ്ഥരുടെ അറിവോടെ നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നത്്. വേങ്ങേരി സ്വദേശിയായ എഞ്ചിനീയര്‍ സുനില്‍കുമാറിന്റെ വ്യാജ ഒപ്പും സീലും പതിച്ചാണ് ഈ കെട്ടിടത്തിന്റെ നിര്‍മാണ അനുമതിക്കുള്ള പ്ലാനും അപേക്ഷയും സമര്‍പ്പിച്ചിരുന്നത്.
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം കെട്ടിടനിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും, അനധികൃത കെട്ടിടനിര്‍മാണം സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ പ്ലാന്‍ വരച്ച എഞ്ചിനീയര്‍ എന്ന നിലയ്ക്ക് സുനില്‍കുമാറിന് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചപ്പോഴാണ് തന്റെ ഒപ്പും സീലും വ്യാജമായി രേഖപ്പെടുത്തിയാണ് നിര്‍മാണാനുമതി നേടിയതെന്ന കാര്യം ഇദ്ദേഹം അറിഞ്ഞത്. തുടര്‍ന്നാണ് കെട്ടിടത്തിന്റെ പ്ലാന്‍ ആവശ്യപ്പെട്ട് സുനില്‍കുമാര്‍ നഗരസഭയില്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ഈ കെട്ടിടത്തിന്റെ പ്ലാന്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഓഫീസില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് നഗരസഭയില്‍ നിന്നും വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കിയിട്ടുള്ളത്. വിഷയം വിവാദമാവുമെന്ന ഘട്ടത്തില്‍ കെട്ടിടത്തിന്റെ പ്ലാന്‍ തന്നെ പൂഴ്ത്തി രക്ഷപ്പെടാനൊരുങ്ങുകയാണ് നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ബന്ധപ്പെട്ട രേഖ കാണാതായ സംഭവം, കേന്ദ്ര പൊതുരേഖാ നിയമം അനുസരിച്ച് ഫയല്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
തന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് നഗരസഭയില്‍ നിന്നും കെട്ടിടത്തിന് നിര്‍മാണാനുമതി സംഘടിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് എഞ്ചിനീയറായ സുനില്‍കുമാര്‍. ഇതിന്റെ ഭാഗമായി കെട്ടിട നിര്‍മാണം നടത്തുന്ന ഗിരീഷ്‌കുമാര്‍ എന്ന വ്യക്തിക്കെതിരെ സുനില്‍കുമാര്‍ നഗരം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
നഗരസഭാ പരിധിയില്‍ നിര്‍മാണം നടക്കുന്ന മിക്ക കെട്ടിടങ്ങളും ചട്ടം പാലിക്കാതെയാണ് പ്രവൃത്തി നടത്തുന്നത് എന്ന് വ്യാപകമായ ആരോപണം നിലനില്‍ക്കുന്നുണ്ട്. സ്റ്റേഡിയം ജംങ്ഷനിലെ അപകടത്തിനു ശേഷം അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെയുണ്ടായില്ല. ഇതിനിടയിലാണ് അപകടം വരുത്തിയ കെട്ടിടനിര്‍മാണത്തിന്റെ രേഖകള്‍ നഗ—രസഭാ കാര്യാലയത്തില്‍ നിന്നും അപ്രത്യക്ഷമായത്.
നഗരസഭ കേന്ദ്രീകരിച്ച് സജീവമായിട്ടുള്ള കെട്ടിടനിര്‍മാണ- ഇടനില ലോബിയാണ് ഫയല്‍ കാണാതായതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നഗരസഭയിലെ തന്നെ ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. സുനില്‍കുമാറിന്റെ പരാതിയില്‍ നഗരം പോലിസ് നടപടി സ്വീകരിച്ചാല്‍, നഗരസഭയിലെ കെട്ടിട നിര്‍മാണ രംഗത്ത് നടക്കുന്ന നിയമലംഘനങ്ങളുടേയും, ഇവക്ക് ഉദ്യോഗസ്ഥര്‍ നല്‍കിവരുന്ന പിന്തുണയുടേയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിടയുണ്ട്.
Next Story

RELATED STORIES

Share it