palakkad local

അപകടം പതിവായി; പട്ടാമ്പി ബസ്‌സ്റ്റാന്റ് പ്രവേശന കവാടത്തില്‍ ഹമ്പ് സ്ഥാപിച്ചു

പട്ടാമ്പി: അപകടം പതിവായ സാഹചര്യത്തില്‍ പട്ടാമ്പി ബസ്റ്റാന്റ് പ്രവേശനകവാടത്തില്‍ ഹമ്പ് സ്ഥാപിച്ചു. മതിയായ സുരക്ഷയൊരുക്കണമെന്ന യാത്രക്കാരുടെയും കച്ചവടക്കാരുടെയും ആവശ്യപ്രകാരമാണ് നഗരസഭയുടെ നടപടി. സ്റ്റാന്റിലേക്ക് വേഗത്തില്‍ കടന്നുവരുന്ന ബസുകള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയാവുന്ന സാഹചര്യമാണ് ഇവിടെയുണ്ടായിരുന്നത്.
മുമ്പ് ഇവിടെ ഹമ്പ് ഉണ്ടായിരുന്നുവെങ്കിലും ഇഷ്ടികവിരിച്ച് നവീകരിച്ചപ്പോള്‍ ഇല്ലാതായി. വേഗത്തില്‍ സ്റ്റാന്റിലേക്ക് വരുന്ന ബസുകള്‍ക്കുമുന്നില്‍ കുടുങ്ങിയുള്ള അപകടം പതിവായിരുന്നു. പന്ത്രണ്ടോളം പേര്‍ അപകടത്തില്‍പ്പെടുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. മാര്‍ച്ചില്‍ നടന്ന അപകടത്തില്‍ യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തിരുമിറ്റക്കോട് സ്വദേശിയുടെ ഇടതുകാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്.
പെട്ടെന്ന് ബസുകള്‍ വരുമ്പോള്‍ ഓടിമാറാന്‍ യാത്രക്കാര്‍ക്ക് കഴിയാത്തസ്ഥിതിയാണ് അപകടത്തിനിടയാക്കുന്നത്. ഇപ്പോള്‍ ഹമ്പ് സ്ഥാപിച്ചതിനാല്‍ ബസുകള്‍ വേഗം കുറച്ചാണ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത്. യാത്രക്കാര്‍ക്ക് നടക്കാനായി പ്രവേശനകവാടത്തിന്റെ ഇടതുഭാഗത്ത് ഇരുമ്പ് കൈവരികള്‍ സ്ഥാപിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇത് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ട്രാഫിക് പോലിസിന്റെ സേവനം സ്റ്റാന്റിനുമുന്നില്‍ സ്ഥിരമായി ഏര്‍പ്പെടുത്തണമെന്നതും നടപ്പാക്കാനാവുന്നില്ല. പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെ ജീവനക്കാരുടെ കുറവും ഇതിന് തടസ്സമാകുന്നുണ്ട്. നിലവില്‍ പട്ടാമ്പി-ഗുരുവായൂര്‍ റോഡ് ജങ്ഷനില്‍ മാത്രമാണ് പോലീസ് ഡ്യൂട്ടിയിലുള്ളത്. അതുകൊണ്ട് പലപ്പോഴും ബസുകളുടെ മല്‍സരയോട്ടവും അമിതവേഗവും നിയന്ത്രിക്കാനാവുന്നില്ല.
Next Story

RELATED STORIES

Share it