Kottayam Local

അന്‍സില്‍ ലിഫ്റ്റ് വാങ്ങിയത് മരണത്തിലേക്ക്

നെടുംകുന്നം: നിറചിരിയുമായി അന്‍സില്‍ ലിഫ്റ്റ് ചോദിച്ച് കയറിപ്പോയത് മരണത്തിലേക്കാണെന്ന് വിശ്വസിക്കാനാവാതെ നാടും നാട്ടുകാരും. അന്‍സിലിന്റെ മരണവാര്‍ത്തയറിഞ്ഞതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഒരു പ്രദേശം മുഴുവന്‍. നെടുംകുന്നം ഗവ. എച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നെടുംകുന്നം കോവേലി തെള്ളിയില്‍ ഹാഷിമിന്റെ മകന്‍ അന്‍സിലി(14)നെയാണ് അപ്രതീക്ഷിതമായി മരണം കവര്‍ന്നെടുത്തത്. നെടുംകുന്നത്തു നിന്ന് കറുകച്ചാലിനു പോവുകയായിരുന്ന നെടുമണ്ണി സ്രായിപ്പള്ളി ഈറ്റനാട്ട് സിറിലി(16)ന്റെ സ്‌കൂട്ടറില്‍ ഞായറാഴ്ച വൈകീട്ട് 3.20ഓടെ കറുകച്ചാലിലേക്ക് ലിഫ്റ്റ് വാങ്ങി കയറിയതായിരുന്നു അന്‍സില്‍. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നെടുംകുന്നം പള്ളിപ്പടിക്കു സമീപം റിക്കവറി വാനുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സിലിനെയും സിറിലിനെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അന്‍സില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. മതകാര്യങ്ങളില്‍ അതീവ തല്‍പ്പരനായിരുന്ന അന്‍സില്‍ നെടുംകുന്നം ജുമാ മസ്ജിദിലെ എല്ലാ പരിപാടിക്കും സജിവ സാന്നിധ്യമായിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടിയായ അന്‍സിലിന്റെ മരണ വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തു നിന്ന് നൂറുകണക്കിനാളുകളാണ് മയ്യത്ത് കാണാന്‍ തടിച്ചുകൂടിയത്. നെടുംകുന്നം ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ഇമാം സഫറുല്ല അല്‍ഖാസിമി നേതൃത്വം നല്‍കി. അന്‍സിലിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ഇമാം പൊട്ടിക്കരഞ്ഞത് നമസ്‌കാരത്തിന് അണിനിരന്ന വിശ്വാസികളെയും കണ്ണീരിലാഴ്ത്തി. അന്‍സില്‍ പഠിച്ചിരുന്ന നെടുംകുന്നം ഗവ. ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച മയ്യിത്തിനു സഹപാഠികളും അധ്യാപകരും കണ്ണീരോടെയാണ് വിടനല്‍കിയത്. ഡോ. എന്‍ ജയരാജ് എംഎല്‍എ, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, ജില്ലാ സെക്രട്ടറി ഉസ്്മാന്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, ജില്ലാ ഖജാഞ്ചി സിയാദ് വാഴൂര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്്ദുല്‍ ഹാദി, പോപുലര്‍ ഫ്രണ്ട് കോട്ടയം ഡിവിഷന്‍ പ്രസിഡന്റ് അബ്്ദുല്‍ റഹിം, കാഞ്ഞിരപ്പള്ളി ഡിവിഷന്‍ പ്രസിഡന്റ് എന്‍ എച്ച് നിഷാദ്, മുണ്ടക്കയം ഡിവിഷന്‍ പ്രസിഡന്റ് സൈനുദ്ദീന്‍, സെക്രട്ടറി നിസാര്‍ മയ്യിത്ത് കാണാനെത്തിയിരുന്നു.
Next Story

RELATED STORIES

Share it