അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ ജില്ലാ കലക്ടറുടെ രഹസ്യ പരിശോധന

മുക്കം: കക്കാടംപൊയിലിലെ പി വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിന്റെ രഹസ്യ പരിശോധന. ഇന്നലെ രാവിലെ 6 മണിയോടെയാണു ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ റവന്യൂ അധികൃതരെത്തിയത്. സംഘം ഒന്നര മണിക്കൂറോളം പാര്‍ക്കിലും പരിസരത്തും പരിശോധന നടത്തി. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കലക്ടറും സംഘവും പരിശോധന കഴിഞ്ഞ് തിരിച്ചുപോയിരുന്നു. പാര്‍ക്കിനെതിരേ നിരവധി പരാതികള്‍ നിലനില്‍ക്കുന്നതിനിടെയാണ് കലക്ടറുടെ പരിശോധന. ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും എംഎല്‍എക്കെതിരേ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട്് കലക്ടര്‍ യു വി ജോസിനെതിരേ കോഴിക്കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴിപ്പെട്ടതിനാലാണ് കലക്ടര്‍ നടപടിയെടുക്കാത്തതെന്നു ചൂണ്ടിക്കാട്ടിയാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ മാസം 1ന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.ദുരന്തനിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധനപോലും നടത്താന്‍ ജില്ലാ ഭരണകൂടം തയ്യാറായിരുന്നില്ല. സ്ഥലം കൈയേറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട് തേടിയതൊഴിച്ചാല്‍ ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ കാര്യമായ നടപടികളെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കലക്ടറുടെ പരിശോധനയെന്നതു ശ്രദ്ധേയമാണ്. സമുദ്രനിരപ്പില്‍ നിന്ന് 2,800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചതാണ്.
Next Story

RELATED STORIES

Share it