അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ കര്‍ദിനാളിന് നിശിത വിമര്‍ശനം

കൊച്ചി: വിവാദ ഭൂമി വില്‍പനയിലെ  വീഴ്ചകള്‍ നിരത്തിയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നിശിതമായി വിമര്‍ശിച്ചും അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്. ഫാ. ബെന്നി മാരാംപറമ്പില്‍ കണ്‍വീനറായുള്ള കമ്മീഷനായിരുന്നു ഭൂമി വില്‍പന സംബന്ധിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഭൂമിയിടപാട് സഭയുടെ വിശ്വാസ്യത സംശയത്തിലാക്കിയെന്ന് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഈ ഇടപാടുമൂലം വൈദിക നേതൃത്വത്തിന്റെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുന്നു. ബന്ധപ്പെട്ട സഭാ സമിതികളില്‍ ആലോചന നടത്തുംമുമ്പ് ഒരിടത്തെ ഭൂമി വിറ്റതായും കമ്മീഷന്‍ കണ്ടെത്തി. പണം കിട്ടാതെ ഭൂമി കൈമാറിയത് ഖേദകരമാണ്. അഞ്ചിടത്തെ സ്ഥലങ്ങള്‍ 36 കഷണങ്ങളായി വിറ്റതില്‍ ഒപ്പിട്ടത് മേജര്‍ ആര്‍ച്ച് ബിഷപ്പായതിനാല്‍ അദ്ദേഹം നേരിട്ട് ഇടപെട്ടുവെന്ന് വ്യക്തമാണ്. ആദ്യവില്‍പന സമിതിയില്‍ ആലോചിക്കുകപോലും ചെയ്യാതെയാണ്. പണം പൂര്‍ണമായി ലഭിക്കാതെ മേജര്‍ ആര്‍ച്ച് ബിഷപ് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തത് സങ്കടകരമാണെന്നും കമ്മീഷന്റെ റിപോര്‍ട്ടിലുണ്ട്. ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലം വാങ്ങുന്ന കാര്യം മേജര്‍ ആര്‍ച്ച് ബിഷപ്, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോഷി പുതുവ എന്നിവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫിസ് വഴി 10 കോടി വായ്പയെടുത്തത് അതിരൂപത പ്രോട്ടോസിഞ്ചല്ലസ് പോലും അറിയാതെയാണ്. അതിരൂപതാ ഫിനാന്‍സ് ഓഫിസര്‍ പുതുവ പ്രതിമാസ കണക്കുകള്‍ വര്‍ഷങ്ങളായി അതിരൂപതയ്ക്ക് കൈമാറുന്നില്ല. പുതിയ ഫിനാന്‍സ് ഓഫിസറെ നിയമിക്കണമെന്നതും ഉള്‍പ്പെടെ 19 നിര്‍ദേശങ്ങളാണ്  ആറംഗ കമ്മീഷന്റെ റിപോര്‍ട്ടില്‍ നല്‍കിയത്. കഴിഞ്ഞദിവസം വൈദിക സമിതി യോഗം ചേര്‍ന്ന് റിപോര്‍ട്ട് ചര്‍ച്ച ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റിപോര്‍ട്ട് തള്ളിക്കളയണമെന്ന നിലപാടാണ് സ്വീകരിച്ചത്. വിഷയം അന്വേഷിക്കാന്‍ സിറോ മലബാര്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ച സാഹചര്യത്തില്‍  കമ്മീഷന്‍ റിപോര്‍ട്ടിന് പ്രസക്തിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. റിപോര്‍ട്ടിനെക്കുറിച്ച് വിപുലമായ ചര്‍ച്ച നടത്താന്‍ വൈദിക സമിതി വീണ്ടും ചേരും.
Next Story

RELATED STORIES

Share it