അന്വേഷണസംഘം കൂടുതല്‍ വ്യക്തത തേടുന്നു

കൊച്ചി: കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരണപ്പെട്ട കേസില്‍ അന്വേഷണ സംഘം കൂടുതല്‍ വ്യക്തത തേടുന്നു. ഇതിനായി സംഭവത്തില്‍ ഉള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥരെയെല്ലാം ചോദ്യംചെയ്യാനാണു പ്രത്യേക സംഘത്തിന്റെ തീരുമാനം.
ഇന്നലെ വരാപ്പുഴ സ്‌റ്റേഷനിലെ എഎസ്‌ഐ ജയാനന്ദനെയും വടക്കേക്കര എസ്‌ഐ എം കെ മുരളിയെയും ആലുവ പോലിസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്തു.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം പ്രതി ചേര്‍ക്കപ്പെട്ട എസ്‌ഐ ദീപക്ക് അവധിയായതിനാല്‍ എഎസ്‌ഐ ജയാനന്ദനായിരുന്നു സ്‌റ്റേഷന്റെ ചുമതല.
ശ്രീജിത്തിനെ രാത്രി 10.30നു കസ്റ്റഡിയിലെടുത്തു. 11ഓടെ സ്‌റ്റേഷനിലെത്തിച്ചിട്ടും പിറ്റേദിവസം രാവിലെ ഒമ്പതോടെയാണ് 10 പ്രതികളുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ അസാധാരണ നടപടിയെപ്പറ്റി ചോദ്യംചെയ്യാനാണു ജയാനന്ദനെ വിളിപ്പിച്ചതെന്നാണു വിവരം.
ശ്രീജിത്തിനെ സ്‌റ്റേഷനിലെ ആരെല്ലാം മര്‍ദിച്ചു, എസ്‌ഐ ദീപക് എത്തിയ ശേഷമുള്ള കാര്യങ്ങള്‍, ആര്‍ടിഎഫ് അംഗങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ശ്രീജിത്ത് ക്ഷീണിതനായിരുന്നോ എന്നീ സംശയങ്ങള്‍ക്കെല്ലാം ജയാനന്ദനില്‍ നിന്നു വിശദീകരണം തേടിയിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകള്‍ക്കൊപ്പം സാക്ഷിമൊഴിയും അറസ്റ്റ് ചെയ്തവര്‍ക്കെതിരേ ലഭ്യമാക്കാനാണു കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നത്. ഇതോടൊപ്പം ചോദ്യംചെയ്യുമ്പോള്‍ ലഭിക്കുന്ന കൂടുതല്‍ വിവരങ്ങളില്‍ നിന്നു സംഭവത്തിലുള്‍പ്പെട്ട ബാക്കിയുള്ളവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
Next Story

RELATED STORIES

Share it