World

അന്വേഷണവുമായി റഷ്യ സഹകരിക്കണം: ഇയു

ബ്രസ്സല്‍സ്: സാലിസ്ബറി വിഷവാതക ആക്രമണത്തിന്‍മേലുള്ള അന്വേഷണവുമായി സഹകരിക്കാന്‍ റഷ്യ തയ്യാറാവണമെന്ന് യൂറോപ്യന്‍ യൂനിയന്‍.  ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യ- ബ്രിട്ടന്‍ നയതന്ത്ര തര്‍ക്കം തുടരുന്നതിനിടെയാണ് യൂറോപ്യന്‍ യൂനിയന്റെ പ്രതികരണം. രാസായുധ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സുമായുള്ള (ഒപിസിഡബ്ല്യു) സംയുക്ത സമ്മേളനത്തിലാണ് ഇയു ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ബ്രിട്ടിഷ് സര്‍ക്കാരിന്റെ നിയമപരമായ ചോദ്യങ്ങള്‍ക്ക് റഷ്യ പ്രതികരണമറിയിക്കേണ്ടത് അനിവാര്യമാണെന്ന് ഇയു വ്യക്തമാക്കി. അന്വേഷണത്തില്‍ ഒപിസിഡബ്ല്യു സെക്രട്ടറിയേറ്റുമായി  സഹകരിക്കാന്‍ റഷ്യ തയ്യാറാവണം. സംഭവം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തെളിവുകളും ഒപിസിഡബ്ല്യുവിന് റഷ്യ കൈമാറണമെന്നും ഇയു വ്യക്തമാക്കി.
റഷ്യയുടെ അഭ്യര്‍ഥന പ്രകാരമാണ് ഒപിസിഡബ്ല്യു-ഇയു സംയുക്ത യോഗം വിളിച്ചുചേര്‍ത്തത്. ബ്രിട്ടനിലെ സാലിസ്ബറിയില്‍ റഷ്യയുടെ മുന്‍ ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേര്‍ക്കുണ്ടായ വിഷ പ്രയോഗത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര തര്‍ക്കം രൂപപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടന്‍ ആരോപിക്കുന്നത്.
ആരോപണങ്ങള്‍ തള്ളിയ റഷ്യ സംഭവത്തിനു പിന്നില്‍ ബ്രിട്ടന് പങ്കുണ്ടെന്ന് കരുതുന്നതായി അഭിപ്രായപ്പെട്ടിരുന്നു. പ്രശ്‌നത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ബ്രിട്ടന് പിന്തുണ അറിയിച്ച് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറ്ത്താക്കി.
Next Story

RELATED STORIES

Share it