അന്വേഷണത്തിലെ ഇരട്ടത്താപ്പ്

ഏജന്‍സിയുടെ രാഷ്ട്രീയം- 2   - പി  എ  എം  ഹാരിസ്
മുംബൈ എന്‍ഐഎ കോടതി മുമ്പാകെ മലേഗാവ് സ്‌ഫോടനക്കേസില്‍ മക്കോക്ക പ്രകാരമുള്ള കുറ്റം നടന്നിട്ടില്ലെന്ന്് എന്‍ഐഎ ഹരജി നല്‍കുന്നതിലെ വിരോധാഭാസം വ്യക്തം. എന്താവാം കാരണം? സുപ്രിംകോടതി മുമ്പാകെ സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിന്റെ ജാമ്യാപേക്ഷയിലും എന്‍ഐഎ എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, സാധ്വിയെ കേസില്‍ നിന്നു പൂര്‍ണമായും എന്‍ഐഎ ഒഴിവാക്കി. ഏതാനും മാസങ്ങളുടെ ഇടവേളയിലാണിത്. വസ്തുതകള്‍ ഒന്നും മാറിയില്ല. കേസ് രേഖകളും മാറിയില്ല. മലേഗാവിലെ നിരപരാധികളുടെ മരണത്തിന് ഉത്തരവാദികളായ ഹിന്ദുത്വരെ ശിക്ഷിക്കുന്നതിനുള്ള എന്‍ഐഎയുടെ ഇച്ഛാശക്തിയാണ് ഇല്ലാതായത്.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ മൃദുനിലപാട് സ്വീകരിക്കാന്‍ എന്‍ഐഎ തന്നോട് ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാല്യാന്‍ വെളിപ്പെടുത്തി. സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രശാന്ത് പുരോഹിത് എന്നിവരുള്‍പ്പെടുന്ന കാവിഭീകരത പുറത്തുവന്ന ആദ്യ കേസായിരുന്നു ഇത്. മഹാരാഷ്ട്ര എടിഎസ് 2009ലാണ് കുറ്റപത്രം നല്‍കിയത്. നേരത്തേ പിടിയിലായിരുന്ന 12 പേര്‍ക്കു പുറമേ മൂന്നുപേരെ കൂടി 2011ല്‍ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ പിടികൂടിയിരുന്നതായി സാല്യാന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം ഏറ്റെടുത്തശേഷം ഒരു കടലാസ് പോലും കോടതിയില്‍ നല്‍കിയിട്ടില്ല.
സുപ്രിംകോടതിയില്‍ മഹാരാഷ്ട്ര സംസ്ഥാനത്തിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മാരി അര്‍പുതമാണു ഹാജരാവേണ്ടത്. എന്നാല്‍, അര്‍പുതം കേസ് വാദിക്കുന്നതിനെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍സിങ് എതിര്‍ത്തിരുന്നതായി രോഹിണി പറഞ്ഞു. തുടര്‍ന്ന് രോഹിണിക്കു പകരം അവിനാശ് റസല്‍ വന്നു. കേസില്‍ എന്‍ഐഎ സ്വീകരിച്ച നിലപാടില്‍ അദ്ദേഹവം അസംതൃപ്തനായിരുന്നു. തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിച്ചതില്‍ അദ്ദേഹം എന്‍ഐഎയെ കുറ്റപ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.
മക്കോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) അനുസരിച്ച് ഉന്നത പോലിസ് മേധാവി മുമ്പാകെ നല്‍കുന്ന കുറ്റസമ്മതമൊഴി സാധുവാണ്. കോടതിയിലും അതു സ്വീകാര്യമാണ്. എന്നാല്‍, കേസില്‍ മക്കോക്ക ഒഴിവാക്കിയതോടെ പ്രതികളുടെ കുറ്റസമ്മതമൊഴികള്‍ അസാധുവാകും. 2011ല്‍ എന്‍ഐഎക്ക് കൈമാറുന്നതു വരെ കേസ് കൈകാര്യം ചെയ്ത മഹാരാഷ്്ട്ര എടിഎസ് പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത്് മക്കോക്ക പ്രകാരം ഡെപ്യൂട്ടി പോലിസ് കമ്മീഷണറുടെ മുമ്പാകെയാണ്. അതനുസരിച്ചാണു പ്രധാന കുറ്റങ്ങള്‍ ചുമത്തിയതും. മക്കോക്ക റദ്ദാക്കിയതോടെ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ കുറ്റസമ്മതമൊഴികള്‍ക്കു മാത്രമേ പ്രാബല്യമുണ്ടാവൂ. ഈ കേസില്‍ മക്കോക്ക ചുമത്തുന്നതില്‍ എടിഎസിന് വീഴ്ചപറ്റിയെന്നാണു പ്രത്യേക എന്‍ഐഎ കോടതി നിരീക്ഷിച്ചത്. മക്കോക്ക ചുമത്താന്‍ കാരണക്കാരനായ രാകേഷ് ധവാതെക്കെതിരേ കോടതി ആയുധനിയമപ്രകാരം മാത്രമാണ് കുറ്റം ചുമത്തിയത്.
മലേഗാവ് കേസ് വിശേഷങ്ങള്‍ ഇവിടെയും അവസാനിക്കുന്നില്ല. മക്കോക്ക നീക്കിയതോടെ മലേഗാവ് സ്‌ഫോടനക്കേസ് ദുര്‍ബലമായെന്നാണു പൊതു വിലയിരുത്തല്‍. യുഎപിഎ ചട്ടം 45 പ്രകാരം പ്രോസിക്യൂഷന്‍ യുഎപിഎ ചുമത്തുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതി തേടിയിരിക്കണം. ഈ വകുപ്പിന്റെ നിര്‍വഹണത്തില്‍ സര്‍ക്കാരുകളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായിരിക്കും സുപ്രധാന പരിഗണനയെന്നതു വ്യക്തം. ചട്ടപ്രകാരം സര്‍ക്കാര്‍ അനുമതിയോടെയല്ല കേസില്‍ യുഎപിഎ ചുമത്തിയതെന്നു ചൂണ്ടിക്കാട്ടി അപ്പീലിനു പോവാനാണു പ്രതിഭാഗത്തിന്റെ നീക്കം. അതോടെ പ്രജ്ഞാസിങും കേണല്‍ പുരോഹിതും മറ്റു പ്രതികളും വീണ്ടും മാന്യന്മാരായി സമൂഹത്തിലേക്കിറങ്ങും.
ഗൂഢാലോചനയിലെ മുഖ്യ ആസൂത്രകയായാണ് സാധ്വി പ്രജ്ഞയെ എന്‍ഐഎ ആദ്യം വിശേഷിപ്പിച്ചിരുന്നത്. ഏതാനും വര്‍ഷം പിന്നിടുമ്പോള്‍ സാധ്വി നിരപരാധിയും നിഷ്‌കളങ്കയുമാവുന്നു. യാതൊരു തെളിവുകളും സാധ്വിക്കെതിരേ ഇല്ലാതാവുന്നു. കേന്ദ്രഭരണം മാറുന്നതോടെയാണ് ഈ ചുവടുമാറ്റം. ഒരൊറ്റ പ്രതിയെപ്പോലും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ തയ്യാറാവാതെയാണ് എന്‍ഐഎ സാധ്വിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതെന്ന വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
തലോജ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ എന്‍ഐഎ ചോദ്യംചെയ്തിരുന്നു. മുഖ്യപ്രതികളുടെ പങ്കിനെക്കുറിച്ച് വിശദാംശങ്ങള്‍ ലഭിക്കുന്നതിന് അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നു വ്യക്തമായി. അതിനായി മക്കോക്ക കോടതിയില്‍ എന്‍ഐഎ നല്‍കിയ അപേക്ഷ സ്വീകരിച്ച സ്‌പെഷ്യല്‍ ജഡ്ജി വൈ ഡി ഷിന്‍ഡെ കേണല്‍ പുരോഹിത് അടക്കം മൂന്നുപ്രതികളെ 2011 ജൂലൈ 22 മുതല്‍ എട്ടുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിടാന്‍ അനുവാദം നല്‍കി. ഈ വിധിക്ക് മുംബൈ ഹൈക്കോടതിയില്‍നിന്നു പ്രതികള്‍ സ്റ്റേ വാങ്ങി. എന്നാല്‍, 2011 ഒക്ടോബര്‍ 20ന് പ്രത്യേക കോടതി വിധി അംഗീകരിച്ച മുംബൈ ഹൈക്കോടതി പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു. ഈ വിധിക്കെതിരേ പ്രതികള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തീരുമാനമാവുന്നതു വരെ ഹൈക്കോടതി വിധി നടപ്പാക്കുന്നത് സുപ്രിംകോടതി തടഞ്ഞു.
ഏതാണ്ട് 40 മാസത്തെ ഇടവേളയ്ക്കു ശേഷം 2015 ഫെബ്രുവരി 24ന് സുപ്രിംകോടതി അപ്പീലില്‍ വിധിപറയാന്‍ മാറ്റിവച്ചു. എന്നാല്‍, പ്രതികളെ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്ന ആവശ്യം ഒരിക്കല്‍പ്പോലും അതിനുശേഷം എന്‍ഐഎയില്‍നിന്ന് ഉയരുന്നതു കേട്ടില്ല. കേസ് മുന്നോട്ടു കൊണ്ടുപോവാനുള്ള താല്‍പര്യം തന്നെ എന്‍ഐഎക്ക് നഷ്ടമായോ എന്നു സംശയിക്കേണ്ടിവരുന്നു.
കേന്ദ്രത്തില്‍ 2014 മെയിലാണ് ഭരണം മാറിയത്. അതിനു തൊട്ടുമുമ്പു വരെ എന്‍ഐഎ കോടതിയില്‍ സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ ഈ ക്ലീന്‍ചിറ്റ് അത്ര ക്ലീന്‍ അല്ലെന്ന് ബോധ്യമാവും. നേരത്തേ എന്‍ഐഎ തന്നെ സമര്‍പ്പിച്ച അന്വേഷണരേഖകളുമായി ഒത്തുപോവുന്നതല്ല പുതിയ നിലപാട്. അന്വേഷണവേളയില്‍ ഒരുഘട്ടത്തിലും എടിഎസ് അന്വേഷണത്തെ എന്‍ഐഎ തള്ളിപ്പറഞ്ഞില്ല. എന്നല്ല, മക്കാ മസ്ജിദ്, സംജോത എക്‌സ്പ്രസ്, അജ്മീര്‍ സ്‌ഫോടനക്കേസുകളിലും സുനില്‍ ജോഷി വധക്കേസിലും എടിഎസ് അന്വേഷണവിവരങ്ങള്‍ എന്‍ഐഎ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നു താനും.
മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണവേളയില്‍ ലഭിച്ച തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് മധ്യപ്രദേശിലെ സുനില്‍ ജോഷി വധക്കേസില്‍ സാധ്വി പ്രജ്ഞയെ പ്രതിചേര്‍ത്തത്. കുറ്റകൃത്യങ്ങളില്‍ പ്രജ്ഞയുടെ കൂട്ടാളിയായിരുന്നു ജോഷി. പിന്നീട് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. 2007ല്‍ സാധ്വിയും സഹകാരികളും ചേര്‍ന്ന് ജോഷിയെ വധിെച്ചന്നാണു കേസ്.
അന്വേഷണം എന്‍ഐഎ ഏറ്റെടുത്ത് മൂന്നുവര്‍ഷമായപ്പോള്‍ പ്രജ്ഞാസിങ് ഠാക്കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ എതിര്‍ത്ത് എന്‍ഐഎ കോടതിയില്‍ വിശദമായ അഫിഡവിറ്റ് സമര്‍പ്പിച്ചു. ഗൂഢാലോചനയിലെ മുഖ്യ പങ്കാളിയാണ് പ്രജ്ഞയെന്നും ബോംബ് സ്ഥാപിച്ചവര്‍ക്ക് തന്റെ മോട്ടോര്‍സൈക്കിള്‍ നല്‍കി സജീവ പങ്കുവഹിച്ചെന്നും അതില്‍ വ്യക്തമാക്കി. ഈ ആരോപണം സ്ഥിരീകരിക്കുന്നതിന് ഏഴു സാക്ഷിമൊഴികളും ഉദ്ധരിച്ചിരുന്നു. ബോംബ് സ്ഥാപിച്ചവര്‍ക്കായി നല്‍കിയ എല്‍എംഎല്‍ ഫ്രീഡം വാഹനത്തിന്റെ ഉടമസ്ഥത സാധ്വിയുടേതാണെന്നു തെളിയിക്കുന്ന അഞ്ചു സാക്ഷിമൊഴികളും അതിനൊപ്പം സമര്‍പ്പിച്ചു.
സുധാകര്‍ ദ്വിവേദി തന്റെ കുറ്റസമ്മതമൊഴിയില്‍ തുടക്കം മുതലുള്ള ഗൂഢാലോചനയുടെ പൂര്‍ണ രൂപം വെളിപ്പെടുത്തിയിരുന്നു. അഭിനവ് ഭാരത് രൂപീകരണം മുതല്‍ ഹിന്ദു സാമ്രാജ്യ സ്ഥാപനത്തിനായി സ്വീകരിക്കേണ്ട നടപടികളും രീതികളും വരെ അതിലുള്‍പ്പെടുന്നുണ്ട്. ഭോപാലിലും ജബല്‍പൂരിലും നടന്ന ഗൂഢാലോചനാ യോഗങ്ങളില്‍ പ്രജ്ഞ പങ്കെടുത്തതായി സുധാകര്‍ സ്ഥിരീകരിച്ചു. ഹിന്ദുസമൂഹത്തിന്റെ സംരക്ഷണത്തിനായി സ്‌ഫോടകവസ്തുക്കള്‍ നല്‍കാന്‍ കേണല്‍ പുരോഹിതിനോട് പ്രജ്ഞ ആവശ്യപ്പെട്ടതായും എന്നാല്‍, അത് പുരോഹിത് ഗൗരവത്തിലെടുത്തില്ലെന്നും മൊഴിയിലുണ്ട്.   ി

(അവസാനിച്ചു.)
Next Story

RELATED STORIES

Share it