അന്വേഷണഘട്ടത്തില്‍ ബിജു രമേശ് ആരോപണം ഉന്നയിച്ചില്ലെന്ന് മുന്‍ എസ്.ഐ.

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്ന ബിജു രമേശ് അന്വേഷണ ഘട്ടത്തില്‍ ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് മുന്‍ എസ്.ഐ. സി കെ സഹദേവന്‍. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്് സെക്രട്ടേറിയറ്റ്് പടിക്കല്‍ നടത്തിയ ഉപവാസ സമരത്തില്‍ ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ താന്‍ തിരുവനന്തപുരത്തുള്ള ഓഫിസില്‍ പോയിരുന്നുവെന്നും എന്നാല്‍ മൊഴി നല്‍കാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് ബിജു രമേശ് സ്വീകരിച്ചതെന്നും സി കെ സഹദേവന്‍ പറഞ്ഞു. ബിജു രമേശിന്റെ തിരുവനന്തപുരത്തുള്ള ഓഫിസില്‍ എത്തി രണ്ടു മണിക്കൂര്‍ അദ്ദേഹത്തെ കാത്തിരുന്നു. താന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്നൂം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ എത്തിയതാണെന്നും അറിയിച്ചപ്പോള്‍ ആദ്യം അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും സി കെ സഹദേവന്‍ പറഞ്ഞു.

പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണ് തന്റെ പ്രസംഗം സംബന്ധിച്ച് ബിജു രമേശ് കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്. അത് മൊഴിയായി രേഖപ്പെടുത്തുകയും ചെയ്തു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രിയന്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡനോട് പറഞ്ഞിരുന്നു. അത് വാര്‍ഡന്‍ തന്റെ ഒരു ജീവനക്കാരനോടും പങ്കുവച്ചതായി ബിജു രമേശ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തി വാര്‍ഡന്റെ മൊഴിയെടുത്തെങ്കിലും ബിജു രമേശിന്റെ ആരോപണം വാര്‍ഡന്‍ നിഷേധിച്ചു. ഏതു ജീവനക്കാരനോടാണ് ഈ വിവരം വാര്‍ഡന്‍ പറഞ്ഞതെന്ന് ബിജു രമേശിനോട് ചോദിച്ചെങ്കിലും പേരു വെളിപ്പെടുത്താന്‍ അദ്ദേഹം  തയ്യാറായില്ലെന്നും സി കെ സഹദേവന്‍ പറഞ്ഞു. എന്നാല്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തന്റെ മൊഴിയെടുത്തിട്ടില്ലെന്നും മൊഴിയെടുത്തുവെന്ന് ക്രൈംബ്രാഞ്ച് മുന്‍ എസ്.ഐ. പറയുന്നത് പച്ചക്കള്ളമാണെന്നും ബിജു രമേശ് പ്രതികരിച്ചു.

നിരാഹാരസമരത്തെക്കുറിച്ച് സാധാരണ രീതിയില്‍ സംസാരിച്ചതല്ലാതെ തന്റെ മൊഴി രേഖപ്പെടുത്തുകയോ തന്നെക്കൊണ്ടു ഒപ്പിടുവിക്കുകയോ ചെയ്തില്ല. തന്റെ മൊഴിയെടുക്കണോയെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ പിന്നെ വരാമെന്നു പറഞ്ഞതല്ലാതെ മൊഴിയെടുത്തിട്ടില്ല. തന്നെ കണ്ട് കുശലം പറഞ്ഞു പോയിട്ട് മൊഴിയെടുത്തതായി എഴുതിയുണ്ടാക്കുന്നത് തെറ്റായ നടപടിയാണെന്നും ബിജു പറഞ്ഞു. പ്രിയന്റെ കാര്യം പറഞ്ഞ ജയില്‍ ഉദ്യോഗസ്ഥന്റെ പേര് അന്ന്് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഫോറന്‍സിക് വിദഗ്ധനല്ല ഡോ. സോമന്റെ ബന്ധുവാണെന്നും ബിജു രമേശ് പറഞ്ഞു.
Next Story

RELATED STORIES

Share it