അന്വേഷണം ജാലവിദ്യ അല്ല: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകം നടന്ന വീടും പരിസരവും ഡിജിപി ലോക്‌നാഥ് ബെഹ്‌റ സന്ദര്‍ശിക്കുകയും ജിഷയുടെ മാതാവ് രാജേശ്വരിയില്‍ നിന്നു കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇന്നലെ രാവിലെ എട്ടോടെ അധികം ആരും അറിയാതെ ഒൗദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് ഡിജിപി പെരുമ്പാവൂരിലെ ജിഷയുടെ വീട്ടില്‍ എത്തിയത്.
വീടിനുള്ളില്‍ ജിഷയുടെ മൃതദേഹം കിടന്നിടം അദ്ദേഹം അളന്നു പരിശോധിച്ചു. തുടര്‍ന്ന്, വീടിന് ചുറ്റുപാടുകളും പരിശോധിച്ച അദ്ദേഹം കൊലപാതകത്തിനുശേഷം പ്രതി കടന്നുപോയെന്നുപറയുന്ന കനാല്‍കരയിലും പരിശോധന നടത്തി. ഒപ്പം ജിഷയുടെ വീടിന്റെ ഉള്‍ഭാഗവും പരിസരവും അദ്ദേഹം തന്റെ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന്, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷയുടെ മാതാവ് രാജേശ്വരിയെയും ഡിജിപി സന്ദര്‍ശിച്ചു.
അര മണിക്കൂറോളം രാജേശ്വരിയില്‍നിന്നു മൊഴിയെടുത്തു. തുടര്‍ന്ന്, പുറത്തിറങ്ങിയ ഡിജിപിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് കേസ് അന്വേഷണം ഒരു ജാലവിദ്യയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില കേസുകള്‍ 24 മണിക്കൂറിനുളളില്‍ തെളിയിക്കാന്‍ കഴിയും. ചിലത് ഒരു വര്‍ഷമെങ്കിലുമെടുക്കും. എന്നാല്‍, ജിഷയുടെ കൊലപാതകം ഉടന്‍ തന്നെ തെളിയുമെന്നും ഡിജിപി പറഞ്ഞു. ശാസ്ത്രീയമായ രീതിയിലേ കേസന്വേഷിക്കാന്‍ കഴിയൂ. അപ്പോള്‍ അതിന്റേതായ കാലതാമസം ഉണ്ടാവും. കേരള പോലിസിലെ കഴിവുറ്റവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേസ് തെളിയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജേശ്വരി നല്‍കിയിരിക്കുന്ന മൊഴിയില്‍ നിറയെ വൈരുധ്യം ഉളളതായാണ് സൂചന. ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് നാലു മണിയോടെയാണെന്നാണ് രാജേശ്വരി പറയുന്നത്. അന്നു രാവിലെ 10 മണിയോടെയാണ് താന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും തലേദിവസമാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും പറവൂരില്‍ പോയെന്നുമൊക്കെ രാജേശ്വരി പറഞ്ഞതായാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ജിഷയുടെ മരണം നടന്ന സമയം സംബന്ധിച്ചു വ്യക്തതകുറവുണ്ടെന്നും സൂചനയുണ്ട്.
Next Story

RELATED STORIES

Share it