kannur local

അന്യായ ഫീസിനെതിരേ നടപടി വേണം: ഇ പി ജയരാജന്‍ എംഎല്‍എ

മട്ടന്നൂര്‍: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍നിന്ന് അന്യായമായി പണമീടാക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരേ നടപടി വേണമെന്ന് ഇ പി ജയരാജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുകയാണ്. 844 ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 859 എയ്ഡഡ് മാനേജ്‌മെന്റ് സ്‌കളുകളും നാനൂറോളം അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്ന സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 2822 ബാച്ചുകളിലായി മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തില്‍ 1,54,626 കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ എയ്ഡഡ് വിഭാഗത്തില്‍ 3334 ബാച്ചുകളിലായി 1,76,798 പേര്‍ക്കാണ് പ്രവേശനം. എയ്ഡഡ് സ്‌കൂളുകളില്‍ ചില വിഭാഗങ്ങളില്‍ 20 ശതമാനവും ചില വിഭാഗങ്ങളില്‍ 30 ശതമാനവും സീറ്റുകളില്‍ മാനേജ്‌മെന്റുകളുടെ ഇഷ്ടപ്രകാരം പ്രവേശനം നല്‍കാമെന്നാണ് വ്യവസ്ഥ. എന്‍എസ്എസ്, എസ്എന്‍ഡിപി, മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് മാനദണ്ഡവും മിതത്വവും പാലിക്കുമ്പേള്‍ ചില സിംഗിള്‍ മാനേജ്‌മെന്റ്,  ട്രസ്റ്റ് മാനേജ്‌മെന്റ് സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ കൊള്ളയടിക്കുകയാണ്.
30000 മുതല്‍ 50000 രൂപ വരെ പ്ലസ്‌വണ്‍ പ്രവേശനത്തിന് വാങ്ങുന്നതായി മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് തന്നെ രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരിക്കുകയാണ്. അതേ സ്‌കൂളില്‍ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളില്‍നിന്നുപോലും ഇതുപോലെ പണം വാങ്ങുകയാണ്.
ഹയര്‍സെക്കന്‍ഡറി വരെ പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത നയത്തെയാണ് ഇക്കൂട്ടര്‍ വെല്ലുവിളിക്കുന്നത്. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍. ഇത്തരം മാനേജ്‌മെന്റുകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ഈ വിഷയം ഏറ്റെടുക്കണമെന്നും ഇ പി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it