അന്യായ തടങ്കല്‍: ജഡ്ജിയുടെ മകളുടെ രക്ഷയ്ക്ക് കോടതി

പട്‌ന: പ്രണയബന്ധത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ തടങ്കലിലാക്കിയ യുവതിയെ മോചിപ്പിക്കണമെന്ന് പട്‌ന ഹൈക്കോടതി. അഭിഭാഷകനുമായുള്ള പ്രണയത്തിന്റെ പേരില്‍ നിയമവിദ്യാര്‍ഥിനിയായ മകള്‍ യശ്വന്തിനിയെ ഘഗാരിയ ജില്ലാ കോടതി ജഡ്ജിയായിരുന്ന സുഭാഷ് ചന്ദ്ര ചൗരസ്യയാണ് വീട്ടുതടങ്കലിലാക്കിയത്. വിഷയത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതി നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു.
യുവതി സ്വതന്ത്ര വ്യക്തിയാണെന്നും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പറഞ്ഞാണ് കോടതി ഉത്തരവ്. യുവതിക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കോടതി പോലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന സുപ്രിംകോടതി അഭിഭാഷകനുമായി യശ്വന്തിനി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍യുവതിയെ ജുഡീഷ്യല്‍ പരീക്ഷയെഴുതാന്‍ സമ്മതിച്ചിരുന്നില്ല.
യുവതിയെ രക്ഷിതാക്കള്‍ മര്‍ദിക്കുകയും വീട്ടില്‍ പൂട്ടിയിട്ടെന്നും കാണിച്ച് സിദ്ധാര്‍ഥ് തന്നെയാണ് കോടതിയെ സമീപിച്ചത്. വരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ജഡ്ജിയോ ആണെങ്കില്‍ മാത്രമേ വിവാഹത്തിനു സമ്മതിക്കൂ എന്നായിരുന്നു യശ്വന്തിനിയുടെ അച്ഛന്‍ പറഞ്ഞത്. അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വനിതാ പോലിസ് വീട്ടിലെത്തി യശ്വന്തിനിയെ മോചിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it