അന്യായമായി വീട് ജപ്തി ചെയ്ത് കുടുംബത്തെ തെരുവിലിറക്കാന്‍ ശ്രമമെന്ന്‌

കൊച്ചി: ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളിയിലെ ഷാജിയുടെ രണ്ടു കോടി വിലയുള്ള വസ്തു ജപ്തിചെയ്യാനുള്ള ബാങ്കിന്റെ ശ്രമങ്ങളെ തടയുമെന്ന് സമരസമിതി. 24 വര്‍ഷം മുമ്പ് രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ജാമ്യം നിന്ന ആളുടെ രണ്ടരക്കോടി രൂപ വിലമതിക്കുന്ന കിടപ്പാടമാണ് രണ്ട് കോടി 70 ലക്ഷം രൂപ കുടിശ്ശികയെന്ന് വരുത്തിത്തീര്‍ത്ത് ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നത്. ജപതി നടപടിക്കെതിരേ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നില്‍ രാപകല്‍ സമരം നടത്താനുള്ള ഒരുക്കത്തിലാണ് സമരസമിതി.
ബാങ്ക് ലോണിന് ജാമ്യം നിന്നതിന്റെ പേരിലാണ് ഇടപ്പള്ളി സ്വദേശി ഷാജിയുടെ രണ്ടരക്കോടി വിലമതിക്കുന്ന കിടപ്പാടം ജപ്തി ഭീഷണി നേരിടുന്നത്. 38 ലക്ഷം രൂപയ്ക്ക് ഓണ്‍ലൈനില്‍ ലേലം ചെയ്ത് കുടിയിറക്കാനുള്ള അന്യായമായ ജപ്തി അനുവദിക്കില്ലെന്ന് ഉറപ്പുതന്ന സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം ബോധിപ്പിക്കുന്നില്‍ വീഴ്ചവരുത്തിയെന്നും ഈ സാഹചര്യത്തില്‍ കോടതിവിധി പുനപ്പരിശോധിക്കുന്നതിനു ഹരജി നല്‍കാന്‍ തയ്യാറാവണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കടം തിരിച്ചടയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും വന്‍ തുകകള്‍ ആവശ്യപ്പെട്ട് വായ്പ നല്‍കിയ ലോഡ് കൃഷ്ണാ ബാങ്കും പിന്നീട് ഏറ്റെടുത്ത എച്ച്ഡിഎഫ്‌സി ബാങ്കും നീക്കിക്കൊണ്ടുപോവുകയായിരുന്നു.
എട്ടു വര്‍ഷം മുമ്പ് 90 ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് സെന്റ് വസ്തു വില്ലേജ് ഓഫിസര്‍ അളന്നുതിരിച്ച് നല്‍കിയിട്ടും ഏറ്റെടുക്കാന്‍ ബാങ്ക് തയ്യാറായില്ലെന്നു മാത്രമല്ല നാല് സെന്റ് വിറ്റാല്‍ കിട്ടുന്ന 38 ലക്ഷം രൂപയ്ക്ക് 18.5 സെന്റ് വസ്തു മുഴുവനായും ലേലംചെയ്യുകയാണുണ്ടായത്. ബാങ്ക് നടപടിക്കെതിരേ 318 ദിവസമായി വീടിനു മുമ്പില്‍ ചിതയൊരുക്കിക്കൊണ്ട് ഷാജിയുടെ ഭാര്യ പ്രീത ഷാജി സമരം ചെയ്യുകയാണ്. ഇവരുടെ സങ്കടഹരജി പരിഗണിക്കാന്‍ കോടതി തയ്യാറാവണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരസമിതി കോ-ഓഡിനേറ്റര്‍ ഇടപ്പള്ളി ബഷീര്‍, ജബ്ബാര്‍ കുമ്മഞ്ചേരി, സഹീര്‍ മുല്ലപ്പറമ്പില്‍, സൈജു കണ്ണന്‍, പി ജെ മാനുവല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it