അന്യായമായി ബാങ്ക് ജപ്തി; അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി വീട്ടമ്മ

കൊച്ചി: എച്ഡിഎഫ്‌സി ബാങ്ക് അന്യായമായി ജപ്തിക്കൊരുങ്ങുന്നതായാരോപിച്ച് വീട്ടമ്മ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. ഇടപ്പള്ളി മാനാത്തുപാടത്ത് ഷാജിയുടെ ഭാര്യ പ്രീതയാണ് മരണംവരെ നിരാഹാര സമരത്തിനൊരുങ്ങുന്നത്. കഴിഞ്ഞ 24 വര്‍ഷമായി എടുക്കാത്ത വായ്പയുടെ പേരില്‍ ബാങ്ക് ഈ കുടുംബത്തെ വേട്ടയാടുകയാണെന്ന് ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി പ്രസിഡന്റ് പി ജെ മാനുവല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
214 ദിവസമായി കുടിയിറക്കിനെതിരെ വീടിനുമുന്നില്‍ ചിതയൊരുക്കി നാട്ടുകാര്‍ രൂപീകരിച്ച മാനാത്തുപാടം പാര്‍പ്പിട സംരക്ഷണസമിതിയുടെയും സര്‍ഫാസി വിരുദ്ധ ജനകീയപ്രസ്ഥാനത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അവഗണിക്കുകയാണ്. അതിനാലാണ് 17ന് രാവിലെ 10 മുതല്‍ നിരാഹാര സമരമാരംഭിക്കുന്നത്. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് സമര സമിതി ആവശ്യപ്പെടുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ പ്രഫ. കെ അരവിന്ദാക്ഷന്‍ സമരം ഉദ്ഘാടനം ചെയ്യും. അകന്ന ബന്ധുവായ സാജന്‍ എന്നയാള്‍ക്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് ഷാജിയുടെ കിടപ്പാടം ബാങ്ക് കൊണ്ടുപോയത്. ഇത് അന്യായമാണെന്ന് സമിതി ആരോപിക്കുന്നു. പ്രമുഖ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജപ്തി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവനയിറക്കിയിരുന്നു. മുഖ്യമന്ത്രി, കേന്ദ്രധനമന്ത്രി, ബാങ്ക് എംഡി എന്നിവര്‍ക്കൊക്കെ പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയക്കെതിരെ മധ്യമേഖലാ ഐജിക്കും സിബിഐക്കും പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇത് ഷാജിയുടെ മാത്രമായിട്ടുള്ള പ്രശ്‌നമല്ല. 1998മുതല്‍ 2018വരെ ഡെബ്റ്റ് റിക്കവറി കൗണ്‍സിലില്‍ നടന്ന ആസൂത്രിത ലേലങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.






Next Story

RELATED STORIES

Share it