kasaragod local

അന്യാധീനപ്പെട്ട താലൂക്ക് ആശുപത്രി സ്ഥലം അളന്നു തിട്ടപ്പെടുത്തി

കാസര്‍കോട്: അന്യാധീനപ്പെട്ട കാസര്‍കോട് താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ഇന്നലെ രാവിലെ താലൂക്ക് സര്‍വേയര്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അളന്ന് തിട്ടപ്പെടുത്തിയത്. ആശുപത്രിയുടെ 60 സെന്റ് സ്ഥലം അന്യാധീനപ്പെട്ടു പോകുന്നത് സംബന്ധിച്ച് നേരത്തെ തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ ചര്‍ച്ച നടക്കുകയും സ്ഥലം അളന്നു തിട്ടപ്പെടുത്തി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സ്ഥലം അളന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, നഗരസഭ ഓവര്‍സീയര്‍ അജിത, ഡിഎംഒ (ഹോമിയോ) ഡോ. എ വി സുരേഷ്, കാസര്‍കോട് വില്ലേജ് ഓഫിസര്‍ ജയപ്രകാശ്, ചെയിന്‍മാന്‍ രമേശ് എന്നിവരും സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ എത്തിയിരുന്നു. സ്ഥലം അളന്നു തിട്ടപ്പെടുത്തി ആശുപത്രിയുടെ 60 സെന്റ് ഭൂമി അളന്ന് നാല് അതിര്‍ത്തികളിലും കല്ല് സ്ഥാപിച്ചു. ആശുപത്രി സ്ഥലത്ത് കൂടി കടന്നു പോകുന്ന 200 മീറ്റര്‍ റോഡ് പുനര്‍നിര്‍മിക്കുകയും പിറക് വശത്തുള്ള മൂന്ന് കുടുംബങ്ങള്‍ക്കും വേണ്ട വഴി ഒരുക്കുകയും ചെയ്തതിന് ശേഷം ആശുപത്രിക്ക് നഗരസഭ തന്നെ മതില്‍കെട്ടി സംരക്ഷിക്കാനാണ് ധാരണ. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ സമീപവാസികളുടെ യോഗം വിളിച്ചുചേര്‍ക്കും. നേരത്തെ സ്ഥലം അളക്കുമ്പോള്‍ ഇവിടെ തടസ്സപ്പെടുത്താനും ശ്രമമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പോലിസ് സാന്നിധ്യത്തിലായിരുന്നു ഇന്നലെ സ്ഥലം അളന്നത്. നിലവില്‍ 25 സെന്റ് സ്ഥലം മാത്രമാണ് ആശുപത്രിക്കായി പ്രയോജനപ്പെടുന്നത്. മുഴുവന്‍ സ്ഥലവും മതില്‍ കെട്ടി സംരക്ഷിക്കുകയാണെങ്കില്‍ ആശുപത്രിക്ക് വേണ്ടി ഫണ്ട് ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ രണ്ട് തവണ ആശുപത്രിക്കായി  മെറ്റേണിറ്റി വാര്‍ഡും ഐ കെയര്‍ യൂനിറ്റും സ്ഥാപിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാല്‍ തടസ്സമാവുകയായിരുന്നു.  കാസര്‍കോട് നഗര ഹൃദയത്തില്‍ അണങ്കൂരില്‍ 1999ല്‍ ആരംഭിച്ച ആയുര്‍വേദ ആശുപത്രിക്ക് 60 സെന്റ് റവന്യൂ ഭൂമിയാണ് അനുവദിച്ചത്. അന്ന് ആശുപത്രിക്ക് മൂന്നുനില കെട്ടിടം പണിതിരുന്നു. എന്നാല്‍ അന്ന് സ്ഥലം അളന്നു തിരിക്കാതെ ഏതാണ് 25 സെന്റ് ഭൂമി മാത്രം രണ്ട് വശത്ത് മാത്രം മതില്‍ കെട്ടുകയായിരുന്നു. ആശുപത്രിയുടെ പകുതിയില്‍ അധികം സ്ഥലവും മതിലിന് പുറത്താണ്. അണങ്കൂര്‍ പാറക്കട്ട റോഡ് കടന്നു പോകുന്നത് ആശുപത്രിക്ക് അനുവദിച്ച സ്ഥലത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ്. ആശുപത്രി വികസന സമിതിയും ആശുപത്രി അധികൃതരും വര്‍ഷങ്ങളായി ആശുപത്രിയുടെ സ്ഥലം അളന്നു തിരിച്ചു നല്‍കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. നഗരസഭയിലെ ചില ബിജെപി കൗണ്‍സിലര്‍മാരാണ് ഇതിന് തടസ്സം നിന്നിരുന്നത്.
Next Story

RELATED STORIES

Share it