wayanad local

അന്യജില്ലകളില്‍ നിന്നുള്ള കോഴിമാലിന്യം; അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം

മാനന്തവാടി: പന്നി ഫാമുകളിലേക്കെന്ന പേരില്‍ സമീപ ജില്ലകളില്‍ നിന്നു കോഴിമാലിന്യങ്ങള്‍ എത്തിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ സബ് കലക്ടര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റിയാടി എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് കോഴിമാലിന്യങ്ങളുള്‍പ്പെടെ ചാക്കില്‍ കെട്ടി തുറന്ന വാഹനങ്ങളില്‍ വയനാട്ടിലെത്തിക്കുന്നത്. ദിനേന അമ്പതോളം വാഹനങ്ങളില്‍ ഇത്തരത്തില്‍ മാലിന്യമെത്തുന്നതായാണ് വിവരം. സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, മീനങ്ങാടി എന്നിവിടങ്ങളിലുള്ള പന്നി ഫാമുകളില്‍ മാലിന്യമെത്തിക്കാന്‍ പിഗ് ഫാര്‍മേഴ്‌സ് സംഘടനകള്‍ നല്‍കുന്ന സ്റ്റിക്കര്‍ ഉപയോഗിച്ചാണിത്. എന്നാല്‍, ഇത്തരം മാലിന്യങ്ങള്‍ ചുരം ഭാഗങ്ങളില്‍ തള്ളുന്നതും പുഴക്കരയിലും ജലസ്രോതസ്സുകള്‍ക്ക് സമീപവും ഉപേക്ഷിക്കുന്നതു നിത്യസംഭവമാണ്. ഇതിനു പുറമെ പന്നി ഫാമുകളോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ കുഴിയെടുത്ത് മാലിന്യം നിക്ഷേപിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്ന് തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലൂടെ ഇത്തരം മാലിന്യം കൊണ്ടുപോവുന്നതു തടഞ്ഞ് ഭരണസമിതി ഉത്തരവിറക്കി. ഇതുകൊണ്ടും ഫലമില്ലാതെ വന്നതോടെ ഒരു യുവജന സംഘടന നിരവില്‍പ്പുഴയില്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് സബ് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കാന്‍ തഹസില്‍ദാരെ നിയോഗിച്ചത്. റിപോര്‍ട്ട് ലഭിക്കുന്നതു വരെ ഇത്തരം വാഹനങ്ങള്‍ തടയാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റിയാടി ചുരത്തില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഇന്നലെ പേര്യ ചുരം വഴി മാലിന്യം കടത്തിയതായി സൂചനയുണ്ട്.
Next Story

RELATED STORIES

Share it