Articles

അന്യംനിന്നുപോവുന്ന തൊഴില്‍മേഖലകളിലൊന്ന്‌

വെട്ടും തിരുത്തും - പി എ എം ഹനീഫ്
കേരളത്തിലെ സംഘടിത തൊഴില്‍മേഖലകളിലെ തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങളും അവര്‍ അവകാശസമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളും വിവിധ പതാകകള്‍ക്കു കീഴില്‍ യൂനിയനുകള്‍ ഒറ്റക്കെട്ടായി പൊരുതിനിന്നതും വലിയൊരു നോവലിലെ അധ്യായങ്ങളാണ്. എഴുതപ്പെട്ടിട്ടുണ്ട് അവയെല്ലാം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പഠിച്ചാണ് കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും മറ്റ് കൊച്ചു കുടില്‍വ്യവസായ പാര്‍ട്ടികള്‍ വരെ തൊഴിലാളികളെ സംഘടിപ്പിച്ച് ന്യായമായ അവകാശങ്ങള്‍ നേടിയെടുത്തത്. മിക്ക തൊഴില്‍മേഖലകളിലും തൊഴിലാളിയുടെ ജീവിതനിലവാരം അത്ര മോശമൊന്നുമല്ല. വര്‍ഷങ്ങളിലൂടെ മര്‍ദനങ്ങളേറ്റുവാങ്ങി നേടിയെടുത്ത ചില അനാവശ്യ നേട്ടങ്ങളൊക്കെ കമ്മ്യൂണിസ്റ്റുകള്‍ തന്നെ ബോധോദയം ഉണ്ടായി പിന്‍വലിക്കുന്നുമുണ്ട്. ഉദാഹരണത്തിന് നോക്കുകൂലി. ആ ഒരൊറ്റ അവകാശത്തിനുവേണ്ടി ഇന്നത്തെ കേരള മുഖ്യമന്ത്രി തലസ്ഥാന നഗരി തൊട്ട് കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ വരെ ഭീഷണിപ്പെടുത്തി സംസാരിക്കുന്നത് ഞാന്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ദൈവശാപമാവാം, അദ്ദേഹം തന്നെ അതിനെതിരായി.
പക്ഷേ, ചില തൊഴില്‍മേഖലകള്‍ ഇന്നും അരക്ഷിതാവസ്ഥയിലാണ്. ന്യായമായ വേതനവ്യവസ്ഥകളില്ല, തൊഴില്‍സ്ഥിരത ഇല്ല, കൂലിയാവട്ടെ മുതലാളി ഇല്ല എന്നു പറഞ്ഞാല്‍ കിട്ടിയതും വാങ്ങി മടങ്ങേണ്ടിവരും. തൊഴില്‍ കിട്ടാനാവട്ടെ ലക്ഷം മുതല്‍ ഡെപ്പോസിറ്റ് നല്‍കുകയും വേണം. ആകെ മൊത്തം കുത്തഴിഞ്ഞ അവസ്ഥയിലാണ് പ്രസ്തുത തൊഴില്‍മേഖല.
കേരളത്തിലെ ബസ് തൊഴിലാളികളാണ് എന്റെ വിഷയം. ഇത്രമേല്‍ അനീതിയും ഭീഷണിയും നേരിടുന്ന മറ്റൊരു തൊഴില്‍മേഖല ഇല്ല. ജനം ബസ്സില്‍ കയറിയില്ലെങ്കില്‍ തത്തുല്യമായി ശമ്പളത്തില്‍ പിടിത്തം. പോലിസും യൂനിയന്‍ നേതാക്കളും പത്രപ്രവര്‍ത്തകരും മഹാന്മാരും സേനാനികളും സൗജന്യ പാസുമായി കയറി കുത്തിയിരുന്നാല്‍ ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവന്‍(വള്‍) നിന്നു കുഴയണം. ചീത്ത കേള്‍ക്കുക ബസ് തൊഴിലാളിക്കും.
പത്തുപേരില്‍ ഒരാള്‍ക്ക് വാഹനം സ്വന്തമെന്ന നിലയിലേക്ക് കേരളം എത്തിക്കഴിഞ്ഞു. ബസ് യാത്രക്കാരുടെ എണ്ണം ദിനംപ്രതി കുറയുന്നു. ദീര്‍ഘദൂര ബസ്സുകളുടെ ടിക്കറ്റ് ചാര്‍ജും തീവണ്ടിനിരക്കും അജഗജാന്തരമാണ്. തീവണ്ടിയില്‍ എപ്പോള്‍ വണ്ടി വിടും അല്ലെങ്കില്‍ വണ്ടി എത്ര മണിക്കൂര്‍ ലേറ്റാണ് തുടങ്ങിയ വിഷയങ്ങളില്‍ യാത്രക്കാരന് അന്വേഷിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ അധിക ജനവും ബസ്സിനെ ആശ്രയിക്കും. തീവണ്ടി സ്‌റ്റേഷനിലെ അന്വേഷണ കൗണ്ടറുകളില്‍ ഇരിക്കുന്നവര്‍ക്ക് 'വണ്ടി വന്നാല്‍ വന്നു' എന്നു പറയാം എന്നൊക്കെയാണ് ഉത്തരം. ബസ്സില്‍ സ്ഥിതി അതല്ല. വഴിക്കു വീണാല്‍ ടിക്കറ്റ് ചാര്‍ജ് യാത്രക്കാരന് മടക്കിക്കിട്ടും. പകരം ബസ്സില്‍ കയറ്റിവിടുകയും ചെയ്യും.
പക്ഷേ, ബസ്സുകളില്‍ തൊഴിലെടുക്കുന്ന ഡ്രൈവര്‍, കണ്ടക്ടര്‍, ചെക്കിങ് ഇന്‍സ്‌പെക്ടര്‍, കിളി എന്ന ഡോര്‍ കീപ്പര്‍ അടക്കം ആരും സ്വസ്ഥരല്ല. കാരണം, തൊഴില്‍സ്ഥിരത ഇല്ല. ടയറൊന്നു പൊട്ടിയാല്‍, ആക്‌സില്‍ ഒടിഞ്ഞാല്‍  ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന മുതലാളിമാരും ഉണ്ടത്രേ. സ്‌കൂള്‍ സീസണില്‍ വിദ്യാര്‍ഥികളുടെ പാസും അവരുടെ നില്‍പ്പുയാത്രയും മിക്കയിടങ്ങളിലും  സംഘര്‍ഷാവസ്ഥയിലേക്കാണു നീങ്ങുക. റോഡപകടങ്ങളും ഡ്രൈവര്‍ അടക്കം തൊഴിലാളികളുടെ ഇറങ്ങിയോട്ടവും നിത്യസംഭവം. ഈയിടെ പൊന്നാനി റൂട്ടില്‍ ഒരു ബസ് മല്‍സ്യക്കച്ചവടക്കാരന്റെ സൈക്കിളില്‍ ഉരസിയതിന് ഡ്രൈവര്‍ക്കേറ്റ മര്‍ദനം ഞാന്‍ നേരിട്ടുകണ്ടു. റോഡ് ക്രോസ് ചെയ്ത മല്‍സ്യക്കച്ചവടക്കാരന്റെ അശ്രദ്ധയായിരുന്നു പ്രശ്‌നം. മീന്‍കുട്ട റോഡില്‍ ചൊരിഞ്ഞു എന്നതും കക്ഷിയുടെ കണ്ണട റോഡില്‍ വീണു ചില്ലുടഞ്ഞു എന്നതും സത്യം. ആ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചു. ജനം വിട്ടില്ല. തല്ലോടു തല്ലുതന്നെ.
ഈയൊരു സാഹചര്യത്തില്‍ മദ്യവില്‍പനശാലയിലെ തൊഴിലാളികളുടെ കാര്യത്തില്‍ ക്ഷേമനിധിയും മറ്റു ചില ഏടാകൂടങ്ങളും നിലവിലുണ്ട്. ബസ് തൊഴിലാളിക്കും ക്ഷേമനിധിയുണ്ട്. തൊഴിലാളി വിഹിതം അടയ്ക്കും. പക്ഷേ, ബസ് മാനേജ്‌മെന്റ് അവരുടെ വിഹിതം അടയ്ക്കില്ല. ഇനി അടച്ചാല്‍ തന്നെ സ്വന്തക്കാരുടെ പേരും വിലാസവുമുണ്ടാക്കി ബസ് തൊഴിലാളിയെ പറ്റിക്കലാണ് സ്ഥിരം കലാപരിപാടി. ഡോര്‍ സംരക്ഷകനായ കിളിക്ക് ബസ് കഴുകല്‍ തൊട്ട് ടയര്‍ മാറ്റലും യാത്രക്കാരുടെ പുലഭ്യം കേള്‍ക്കലും നിത്യസംഭവം. 600 മുതല്‍ ശമ്പളം എന്നൊക്കെ വാഗ്ദാനമുണ്ടെങ്കിലും കൈയില്‍ കിട്ടുക തുച്ഛമായ കാശു മാത്രം.
രാഷ്ട്രീയപ്പാര്‍ട്ടികളൊക്കെ മെട്രോ, ലൈറ്റ് മെട്രോ, ആകാശപ്പാത, ജലഗതാഗതം എന്നൊക്കെ ആക്രോശിച്ച് ആയതിന്റെ പിറകെയാണ്. റോഡില്‍ ഓടുന്ന ബസ്സുകളുടെ സ്ഥിതി മാത്രം അല്ലിത്. കായല്‍-നദീതീര മേഖലകളിലെ ബോട്ട് സര്‍വീസ് തൊഴിലാളികളുടെ സ്ഥിതിയും ദയനീയം തന്നെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മൂല്യം ഇടിയാന്‍ തന്നെ കാരണം തൊഴില്‍മേഖലകളെ അവര്‍ വര്‍ജിച്ചതാണ്. അധ്യാപകസംഘടന, ചെത്തുതൊഴിലാളി ക്ഷേമം കഴിച്ചാല്‍ മറ്റു തൊഴില്‍മേഖലകളില്‍ ഇന്ന് രാഷ്ട്രീയക്കാരുടെ ഇടപെടല്‍ തുലോം കുറവാണ്.
ബസ് തൊഴിലാളി നാള്‍പോകവെ ദൈന്യതയുടെ മാറാപ്പാണു പേറുന്നത്. ഇതിനൊരറുതി വേണ്ടേ? ക്രൂരന്മാരായ തൊഴിലാളികളും ഉണ്ട് എന്നത് കണക്കിലെടുത്താല്‍ പോലും ബസ് തൊഴില്‍മേഖല ഇന്ന് അത്യന്തം ദയനീയാവസ്ഥയിലാണ്. ഓര്‍ക്കേണ്ടവര്‍ ഓര്‍ത്തില്ലെങ്കില്‍ നാള്‍പോകവെ ജീര്‍ണിക്കുന്ന ആ മേഖല അന്യംനിന്നു പോവും. ഫലം കൂട്ട ആത്മഹത്യ, അരാജകത്വം. മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലേതുപോലെ അരാജകത്വം ഇല്ലെന്നു മാത്രമല്ല യാത്രക്കാരും തൊഴിലാളികളും തമ്മിലുള്ള രസതന്ത്രവും മികച്ച ഫോമിലാണ്. ചുരുക്കത്തില്‍, 25,000ന് അടുത്തു വരുന്ന കേരളത്തിലെ തൊഴിലാളികളുടെ ഈ മേഖല രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം. പരാതികള്‍ കാറ്റത്ത് ഒലിച്ചുപോവരുത്.                                    ി
Next Story

RELATED STORIES

Share it