അന്ന് കൊച്ചിയില്‍ ദ്യുതി ചന്ദ്; ഇന്ന് കോഴിക്കോട്ട് ദ്യുതി ചന്ദ് ജൂനിയര്‍

എം എം സലാം

കോഴിക്കോട്: ആറു വര്‍ഷം മുമ്പു കൊച്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ട്രാക്കിനെ തീപ്പിടിപ്പിച്ച വൈദ്യുതിയായിരുന്നു ഒഡീഷക്കാരി ദ്യുതി ചന്ദ്. മഹാരാജാസിന്റെ സിന്തറ്റിക് ട്രാക്കില്‍നിന്ന് ഉദയം ചെയ്ത ആ പ്രതിഭ പിന്നീട് ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ തന്നെ ഏറ്റവും വേഗമേറിയ വനിതാ താരമായി.
അടുത്ത ദിവസം ഗുവാഹത്തിയില്‍ തുടങ്ങുന്ന സാഫ് ഗെയിംസില്‍ നൂറു കോടി ജനതയുടെ പ്രതീക്ഷകളുമായി ദ്യുതി പോരിനിറങ്ങുമ്പോള്‍ രൂപം കൊണ്ടും ശൈലി കൊണ്ടും പോരാട്ടവീര്യം കൊണ്ടും അവള്‍ക്കൊരു പിന്‍ഗാമി ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ പിറവിയെടുത്തിരിക്കുന്നു. മഹരാഷ്ട്രയിലെ നാസിക്കില്‍നിന്നുള്ള തായ് ഹിരാമണ്‍ ആണ് അദ്ഭുതാവഹമായ സമാനതകളുമായി ഇന്നലെ ഏവരുടെയും മനം കവര്‍ന്നത്. ഒരേ അച്ചില്‍ വാര്‍ത്തെടുത്തതു പോലെയാണ് ദ്യുതിയും തായ് ഹിരാമണും. ഇരുവരുടേയും ഓട്ടത്തിന്റെ ശൈലിയും ശരീരഭാഷകളും ഒരുപോലെ തന്നെ. 400 മീറ്ററില്‍ ഇന്നലെ തായ് സ്വര്‍ണമണിഞ്ഞപ്പോള്‍ അതേയിനത്തി ല്‍ നിലവിലെ റെക്കോഡുകാരി ദ്യുതിയാണെന്നതും യാദൃശ്ചികം. 2009ലെ കൊച്ചി ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 200, 400 മീറ്ററുകളില്‍ ദ്യുതി സ്ഥാപിച്ച റെക്കോഡിന് ഇതുവരേയും ഇളക്കം തട്ടിയിട്ടില്ല.
58.71 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് തായ് ഇന്നലെ ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ സ്വര്‍ണമണിഞ്ഞത്. മധ്യദൂര ഓട്ടക്കാരി അഞ്ജന ടാംകെ അടക്കം നിരവധി കുഞ്ഞുപ്രതിഭകളെ കണ്ടെത്തി വാര്‍ത്തെടുത്ത മഹാരാഷ്ട്രയിലെ പ്രഗല്ഭ പരിശീലകന്‍ ജിതേന്ദര്‍ സിങ് തന്നെയാണ് തായിയുടേയും പരിശീലകന്‍. പരിശീലന സമയത്ത് 58 സെക്കന്‍ഡ് മികച്ച സമയം കുറിച്ചിട്ടുള്ള തായ് ദ്യുതിയെപ്പോലെ രാജ്യത്തിന്റെ ഭാവി താരം തന്നെയാണെന്നതില്‍ മഹാരാഷ്ട്രയുടെ പരിശീലകര്‍ക്ക് തെല്ലും സംശയമില്ല. നാസിക്കിലെ ശിശുവിഹാര്‍ ബാലമന്ദിറിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുമിടുക്കി. അടുത്ത ദിവസം നടക്കുന്ന 600 മീറ്ററിലും തായ് മല്‍സരിക്കാനിറങ്ങുന്നുണ്ട്.
പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് ദ്യുതിയെ വിലക്കിയിരുന്നു. ഇതിനു ശേഷവും ദ്യുതി വിവാദങ്ങളോട് മല്ലിട്ട് തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ഗെയിംസില്‍ വേഗമേറിയ താരമായി മാറിയിരുന്നു. ദ്യുതിയുമായി ഏറെ സാദൃശ്യമുണ്ടെങ്കിലും ദ്യുതിയെ അറിയാമോ എന്ന ചോദ്യത്തിന് അറിയില്ലെന്ന നിഷ്‌കളങ്കമായ മറുപടിയാണ് തായിഹിരാമണില്‍ നിന്നുമുണ്ടായത്.
Next Story

RELATED STORIES

Share it