അന്നപൂര്‍ണ ദേവി അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി (രോഷ്‌നാരാ ഖാന്‍) അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി ആരോഗ്യസ്ഥിതി മോശമായിരുന്നെന്ന് അന്നപൂര്‍ണദേവി ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞു.
ബാസ് സിത്താര്‍ എന്നറിയപ്പെടുന്ന സുര്‍ബഹാര്‍ തന്ത്രിവാദ്യവിദഗ്ധയായിരുന്നു. 24ഓളം വാദ്യോപകരണങ്ങളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ‘സുര്‍ബഹാര്‍’ഉപയോഗിച്ചിരുന്ന ഏക സംഗീതജ്ഞ കൂടിയായിരുന്നു അന്നപൂര്‍ണ ദേവി. പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്. 1927ല്‍ മധ്യപ്രദേശിലെ മെയ്ഹാറില്‍ സംഗീതജ്ഞന്‍ ഉസ്താദ് ബാബ അലാവുദ്ദീന്‍ ഖാന്റെയും മദീന ബീഗത്തിന്റെയും നാലു മക്കളില്‍ ഇളയവളായി ജനനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ മേയ്ഹാര്‍ ഖരാന ധാരയിലെ ഉസ്താദായ പിതാവ് അലാവുദീന്‍ ഖാന്‍ തന്നെയാണ് ആദ്യ ഗുരു. പിതാവിന്റെ കീഴില്‍ സിത്താറില്‍ വൈദഗ്ധ്യം നേടി. സിത്താര്‍ മാന്ത്രികനായിരുന്ന രവിശങ്കര്‍ ആയിരുന്നു ആദ്യ ഭര്‍ത്താവ്. 20 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 1962ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 1982ല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ ഋഷികുമാര്‍ പാണ്ഡയെ വിവാഹം ചെയ്തു. മകന്‍ ശുഭേന്ദ്ര ശങ്കര്‍ 1992ല്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു.
ഋഷിയുടെ മരണശേഷം 2013മുതല്‍ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് ജീവിച്ചുവരികയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് അലി അക്ബര്‍ ഖാന്‍ സഹോദരനാണ്. ഹരിപ്രസാദ് ചൌരസ്യ, നിഖില്‍ ബാനര്‍ജി എന്നിവരടക്കം നിരവധി സംഗീതജ്ഞര്‍ ശിഷ്യരാണ്.

Next Story

RELATED STORIES

Share it