Alappuzha local

അന്നം നല്‍കാന്‍ പിന്തുണ: അങ്കണവാടി ജീവനക്കാരും ആശ പ്രവര്‍ത്തകരും

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ അശരണര്‍ക്ക് അന്നമൊരുക്കുന്ന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിക്ക് പിന്തുണയുമായി അങ്കണവാടി ജീവനക്കാരും ആശ പ്രവര്‍ത്തകരും സാന്ത്വനപരിചരണ രംഗത്തുള്ളവരും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ കര്‍മസദനില്‍ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി ഒന്നിനു തുടക്കമിടുന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷണം വീട്ടിലെത്തിക്കുന്നതിന് നഗരത്തിലെ എല്ലാ വാര്‍ഡുകളിലുമുള്ള കിടപ്പുരോഗികളടക്കമുള്ള അശരണരുടെ പട്ടിക ഡിസംബര്‍ 15 നകം തയാറാക്കി നല്‍കുമെന്ന് അങ്കണവാടി ജീവനക്കാരും ആശ പ്രവര്‍ത്തകരും ഉറപ്പു നല്‍കി. നഗരസഭ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെയാണ് അശരണരുടെ പട്ടിക തയാറാക്കുക. പട്ടിക 15നകം ജില്ലാ സപ്ലൈ ഓഫീസര്‍ക്കു കൈമാറും.
വിശപ്പുരഹിത കേരളം പദ്ധതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയപദ്ധതിയാക്കി നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സര്‍വമേഖലയില്‍നിന്നും പദ്ധതിക്ക് പിന്തുണയുമായി ആളുകളും സംഘടനകളും എത്തുന്നുണ്ട്. ദിവസം 500 പേര്‍ക്കെങ്കിലും ഭക്ഷണം ഒരുക്കുകയാണ് ലക്ഷ്യം. വിതരണ കേന്ദ്രത്തില്‍നിന്ന് ഭക്ഷണം നല്‍കുന്നതിനൊപ്പം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്കും അവശര്‍ക്കും വീടുകളില്‍ എത്തിച്ചു നല്‍കും.
വിശന്നവയറുമായി ആരും നഗരത്തില്‍ കഴിയരുതെന്ന് ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതിക്ക് സര്‍വ പിന്തുണയും നല്‍കുമെന്ന് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മനോജ് കുമാര്‍ പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുന്നതിനായി സ്ഥിരം വിതരണകേന്ദ്രം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ ഹരിപ്രസാദ്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മനോജ് കുമാര്‍, ഐസിഡിഎസ് ജീവനക്കാര്‍, സാന്ത്വനപരിചരണ സംഘടന പ്രതിനിധികള്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it