അന്ധേരി കേസ്: 4 പ്രതികള്‍ക്ക് ജീവപര്യന്തം കൊലപാതകം പീഡനശ്രമം തടഞ്ഞതിനെത്തുടര്‍ന്ന്

മുഹമ്മദ് പടന്ന

മുംബൈ: അന്ധേരിയില്‍ അപമാനിക്കാന്‍ ശ്രമിച്ച അക്രമികളില്‍ നിന്ന് സ്ത്രീസുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട കേസിലെ നാലു പ്രതികള്‍ക്ക് ജീവപര്യന്തം. ജിതേന്ദ്ര റാണ, സുനില്‍ ബോധ്, സതീഷ് ദുല്‍ഗജ്ജ്, ദീപക് തിവാല്‍ എന്നിവരെയാണ് വനിതാ പ്രത്യേക കോടതി ജഡ്ജി വൃഷാലി ജോഷി ശിക്ഷിച്ചത്. മുംബൈയില്‍ കീനന്‍ സാന്റോസ് (24), റ്യൂബന്‍ ഫെര്‍ണാണ്ടസ് (25) എന്നിവരാണു സംഭവത്തില്‍ കൊല്ലപ്പെട്ടത്. അന്ധേരി വെസ്റ്റ് അമ്പോളിയില്‍ 2011 ഒക്ടോബര്‍ 20നായിരുന്നു സംഭവം.
പ്രദേശത്തെ ഒരു ഹോട്ടലിനു സമീപത്ത് നില്‍ക്കവെ കീനനും റ്യൂബനും ഉള്‍പ്പെട്ട സംഘത്തിലെ പെണ്‍കുട്ടിയെ നാലംഗസംഘം അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരും അക്രമികളില്‍ നിന്നു പെണ്‍കുട്ടിയെ രക്ഷിച്ചു. തുടര്‍ന്ന് സ്ഥലംവിട്ട അക്രമിസംഘം കൂടുതല്‍ ആളുകളെയും കൂട്ടി തിരികെയെത്തി കീനനെയും റ്യൂബനെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ നിരവധി പേര്‍ കാഴ്ചക്കാരായി നോക്കിനിന്നു. കീനന്‍ സാന്റോസ് തല്‍ക്ഷണം മരിച്ചു. റ്യൂബനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 10 ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങി.
വന്‍ പ്രതിഷേധത്തിനു കാരണമായ ഈ സംഭവം സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതോടെ കേസ് 2012 മാര്‍ച്ചില്‍ ഒരു ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റുകയുണ്ടായി. ഇതു പിന്നീട് വനിതകള്‍ക്കുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റി. 30ഓളം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.
കൊലപാതകക്കുറ്റം ചുമത്തിയ നാലുപേരെയാണ് കോടതി ശിക്ഷിച്ചത്. പരമാവധി ശിക്ഷയാണു പ്രതികള്‍ക്കു ലഭിച്ചിരിക്കുന്നതെന്നു പ്രമുഖ അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് കീനന്റെ പിതാവ് വലേറിയന്‍ സാന്റോസും അഭിപ്രായപ്പെട്ടു. വിധിയില്‍ മുംബൈയിലെ നിരവധി സാമൂഹികപ്രവര്‍ത്തകര്‍ ആഹ്ലാദംപ്രകടിപ്പിച്ചു. കീനനും റ്യൂബനും നീതി ലഭ്യമായിരിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it