Kottayam Local

അന്ധയായ കുഞ്ഞമ്മിണി എന്ന പശുവിന് കാവലാളായി ഒരു കുടുംബം

കുമരകം: അന്ധയായി പിറന്ന പശുക്കുട്ടിയെ വളര്‍ത്തുന്നതിന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പ്രോല്‍സാഹിപ്പിച്ചില്ല. മൃഗങ്ങളോടും പക്ഷികളോടും പ്രത്യേക വാല്‍സല്യം കാണിക്കുന്ന ബിനോയിയും കുടുംബവും തന്റെ തൊഴുത്തില്‍ പിറന്ന പശുക്കുട്ടിയുടെ കാവലാളായി. കുഞ്ഞമ്മിണി എന്ന് പേരിട്ട് വളര്‍ത്തിയ പശുക്കുട്ടിക്ക് ഇപ്പോള്‍ മൂന്നര വയസ്.
ആറുമാസം കഴിയുമ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞമ്മിണി. ഇതിനായി ഇവള്‍ക്കൊപ്പം കാത്തിരിക്കുകയാണ് കുമരകം അട്ടിപ്പീടികക്ക് സമീപം കൊല്ലം പറമ്പില്‍ ബിനോയിയും കുടുംബവും. താന്‍ വളര്‍ത്തിയ പശുക്കളില്‍ അമ്മിണി എന്ന പശുവിന്റെ 10ാം പ്രസവത്തില്‍ പിറന്ന പശുക്കുട്ടിയാണ് അന്ധയായ കുഞ്ഞമ്മിണി.
രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത പശുക്കുട്ടിക്ക് പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തതിനാല്‍ മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പശുക്കുട്ടിയെ വളര്‍ത്തുന്നത് നിരുല്‍സാഹപ്പെടുത്തി. ജീവിത പ്രശ്‌നങ്ങളുടെ ഞെരുക്കങ്ങള്‍ക്കിടയിലും ബനോയി സന്തോഷത്തോടെ ഇവളെ വളര്‍ത്തി. കാഴ്ച ഇല്ലാത്തതിനാല്‍ തിന്നുന്നതിനും കുടിക്കുന്നതിനും സഞ്ചരിക്കുന്നതിനും ശബ്ദവും സ്പര്‍ശനവും കൊണ്ടുള്ള തിരിച്ചറിവാണ് കുഞ്ഞമ്മിണിക്ക് ആലംബം. കുഞ്ഞമ്മിണിക്കൊപ്പം കറവയുള്ള മറ്റൊരു പശുവും ഇവര്‍ക്കുണ്ട്. ആടുകള്‍, താറാവ്, പട്ടികള്‍, പൂച്ച, കോഴി ഇവയെല്ലാം കുടുംബത്തിലെ അംഗങ്ങളെപോലെ ഇവിടെ വളരുന്നു. ഇവര്‍ വളര്‍ത്തുന്ന അപ്പു എന്ന പട്ടിക്കും രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ല. ബിനോയിയുടെ ഭാര്യ അമ്പിളിയും മക്കളായ പ്ലസ് ടു വിദ്യാര്‍ഥി ആല്‍ബിയും പ്ലസ് വണ്‍ വിദ്യാര്‍ഥി അബിനും സഹായത്തിനായി കൂടെയുണ്ട്.
Next Story

RELATED STORIES

Share it