kasaragod local

അന്ത്യോദയ എക്‌സ്പ്രസ്സിന് സ്വീകരണം; മല്‍സരിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍

കാസര്‍കോട്: ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചു. ഇന്നലെ മുതലാണ് കാസര്‍കോട് സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിതുടങ്ങിയത്. പുതുതായി നിര്‍ത്തിയ ട്രെയിനിന് സ്വീകരണം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മല്‍സരം.
ഇന്നലെ രാവിലെ 7.50നാണ് അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട് സ്‌റ്റേഷനിലെത്തിയത്. യുഡിഎഫ് നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ എന്‍ജിന്‍ ഡ്രൈവറെ മാലയിട്ടു സ്വീകരിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ശ്രീജിത്ത് മാടക്കാല്‍, രാജേഷ് പള്ളിക്കര, ഉദയന്‍ പെര്‍ളടുക്ക, ജലീല്‍ തുരുത്തി, സിദ്ദീഖ് ചക്കര, മുഹമ്മദ് ഗസാലി, അഷ്‌റഫ് തുടങ്ങിയവര്‍ എംഎല്‍എയ്‌ക്കൊപ്പം ഇതേ ട്രെയിനില്‍ മംഗളൂരുവരെ യാത്ര ചെയ്തു.
സ്വീകരണ പരിപാടിക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മൂസ ബി ചെര്‍ക്കള, എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എല്‍ഡിഎഫ് നേതൃത്വത്തിലും അന്ത്യോദയ എക്‌സ്പ്രസിന് സ്വീകരണം നല്‍കി. സിപിഎം ഏരിയാ സെക്രട്ടറി കെ മുഹമ്മദ് ഹനീഫ, കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാഷണല്‍ ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിന് മൊയ്തീന്‍കുഞ്ഞി കളനാട്, സി എം എ ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അന്ത്യോദയ എക്‌സ് പ്രസിനു സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാള്‍ സമരം നടത്തിയ രാജന്‍ കരിവെള്ളൂരും സ്വീകരണം നല്‍കാന്‍ എത്തിയിരുന്നു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ വി മുരളീധരന്‍ എംപി, കെ ശ്രീകാന്ത്, ബാലകൃഷ്ണ ഷെട്ടി, നഞ്ചില്‍ കുഞ്ഞിരാമന്‍, സുരേഷ് കുമാര്‍ഷെട്ടി, സുധാമ ഗോസാഡ, എം ജനനി നേതൃത്വം നല്‍കി. അതേസമയം സ്വീകരണ യോഗത്തിന് പി കരുണാകരന്‍ എംപി എത്താത്തത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
Next Story

RELATED STORIES

Share it