kasaragod local

അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിച്ചു; കാസര്‍കോട്ടെങ്ങും ആഹ്ലാദം

കാസര്‍കോട്്: മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചതില്‍ നാടെങ്ങും ആഹ്ലാദ പ്രകടനം. സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരത്തിലാണ്. സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, ഡിവൈഎഫ്‌ഐ, എഐവൈഎഫ്, ബിജെപി തുടങ്ങിയ സംഘടനകള്‍ തങ്ങളുടെ ഇടപെടലും സമരവും മൂലമാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന അവകാശവാദത്തിലാണ്.  പി കരുണാകരന്‍ എംപി ഇടപെട്ടത് കൊണ്ടാണ് സ്റ്റോപ്പ് ലഭിച്ചതെന്ന് സിപിഎം പറയുമ്പോള്‍ അന്ത്യോദയ എക്‌സ്പ്രസിന്റെ ചെയിന്‍ വലിച്ച് ശ്രദ്ധേയമായ സമരം നടത്തിയ മുസ്്‌ലിംലീഗിന്റെ സമരമാണ് ഇതിന് കാരണമെന്ന് ലീഗുംഅവകാശപ്പെടുന്നുണ്ട്.
എന്നാല്‍ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയ പ്രവാസി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തങ്ങളുടെ സമരത്തിന്റെ വിജയമാണെന്നാണ് അവകാശപ്പെടുന്നത്.സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് ആറ് ദിസവവും യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മൗവ്വല്‍ മൂന്ന് ദിവസവും നിരാഹാര സമരം നടത്തിയിരുന്നു.
സാജിദിന്റെ നിരാഹാരം സ്‌റ്റോപ്പ് അനുവദിച്ച പ്രഖ്യാപനം വന്നതോടെ ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ നഗരത്തിലും റെയില്‍വേ സ്റ്റേഷനിലും രാഷ്ട്രീയ പാര്‍ട്ടികളുടേയും യുവജന സംഘടനകളുടേയും നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. പരീക്ഷണാടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത് അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചതില്‍ ബിജെപി എംപി വി മുരളീധരന്‍ അവകാശവാദം ഉന്നയിക്കുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.
പി കരുണാകരന്‍ എംപി പാര്‍ലമെന്റിലും പുറത്തും നടത്തിയ നിരന്തര ഇടപെടല്‍ കാരണമാണ് ട്രെയിനും സ്‌റ്റോപ്പും അനുവദിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. വസ്തുത ഇതായിരിക്കെ ബിജെപി നേതാവ് സൂപ്പര്‍ എംപി ചമയുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.   സ്‌റ്റോപ്പ് അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ആഹ്ലാദ പ്രകടനം നടത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.
ആഹ്ലാദ പ്രകടനത്തിന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്്മാന്‍, എ എം കടവത്ത്, ടി എം ഇഖ്ബാല്‍, അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍ നേതൃത്വം നല്‍കി. അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചത് ജില്ലയ്ക്ക് നേട്ടമെന്ന് എഐവൈഎഫ്  ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലയുടെ പൊതു ആവശ്യങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇനിയും ജനങ്ങള്‍ ഒരുമിക്കണമെന്നും എഐവൈഎഫ് ഇത്തരം ജനകീയ മുന്നേറ്റങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കുമെന്നും ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍, സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it