അന്ത്യനാളിന്റെ അടയാളം

അന്ത്യനാളിന്റെ അടയാളം
X
ഒ അബ്ദുല്ല

o

ലോകാവസാനം സംഭവിക്കും മുമ്പ് വിചിത്രങ്ങളായ ചില പ്രതിഭാസങ്ങള്‍ക്ക് സാക്ഷികളാകാനുള്ള മഹാഭാഗ്യം നമ്മില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകും. ആഖിര്‍സമാന്റെ അടയാളമെന്നാണ് ഈ പ്രതിഭാസത്തിന്റെ അറബിമലയാളത്തിലെ ശാസ്ത്രനാമം. മുടിഞ്ഞു നിലംപൊത്താറായ തറവാട്ടിലെ വേലക്കാരിപ്പെണ്ണ് ആപത്ത് മുന്നില്‍ കണ്ട് ഗള്‍ഫില്‍ പോയി കൈ നിറയെ പണവുമായി തിരിച്ചുവന്ന് തന്റെ ആ പഴയ യജമാനത്തിയെക്കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിക്കുന്നതാണ് ഈ ലക്ഷണങ്ങളില്‍ ഒന്ന്. മറ്റൊരു അടയാളം മിത്തോളജിക്കലാണ്. അവസാന നാള്‍ അടുത്താല്‍ എവിടെ നിന്നോ ഒരു കള്ളപ്പഹയന്‍ പ്രത്യക്ഷപ്പെടും. ദജ്ജാല്‍ എന്നാണ് ആ സത്വത്തിന്റെ പേര്. ഭൂമി തിന്നുതീര്‍ക്കുന്നവനാണ് കക്ഷി. വെള്ളിയാഴ്ച തൊട്ടു തുടങ്ങും.

അടുത്ത വെള്ളിയാഴ്ചയ്ക്കകം ഭൂമി നക്കിത്തുടച്ച് ഇല്ലാതാക്കുകയാണ് ലക്ഷ്യം. പക്ഷേ, ദൈവം ഭൂമി നക്കിത്തീരുന്ന മുറയ്ക്ക് പുതിയ ഭൂമി ദജ്ജാലിന്റെ മുന്നിലേക്കിടും. ആലങ്കാരികമായി പറഞ്ഞാല്‍, യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ അനാവശ്യ വിഷയങ്ങളുമായി കെട്ടിത്തിരിയുന്ന ദുഷ്ടശക്തിയാണ് ദജ്ജാല്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലം ഒരു പ്രശ്‌നം കാര്‍പ്പറ്റിനടിയിലാക്കി കേരളീയ സമൂഹം എങ്ങനെ ജീവിതം മുമ്പോട്ടുതള്ളിക്കൊണ്ടുപോയി എന്നാലോചിക്കുമ്പോള്‍ ഭയം കൊണ്ട് ശരീരം വിറയ്ക്കുന്നു. എന്താണ് പ്രശ്‌നമെന്നല്ലേ? അന്നൊരു നാള്‍ പ്രാഥമിക മദ്‌റസയില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരു മദ്‌റസാ ഉസ്താദ് ബാലവിദ്യാര്‍ഥികളെ വരിവരിയായി നിര്‍ത്തി പീഡിപ്പിക്കുന്നു. ഉശിരും ചൊടിയുമുള്ള ഒരു മാധ്യമപ്രവര്‍ത്തകയാണ് ഈ പരാതി പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ അവതരിച്ചത്. സംഭവം പെട്ടെന്നുതന്നെ വൈറലായി. മാധ്യമപ്രവര്‍ത്തക ചാനല്‍റൂമില്‍ നിന്നു ചാനല്‍റൂമുകളിലേക്ക് ഓടിക്കയറി ശരിക്കും കസറി. ഈ ഘട്ടത്തിലാണ് സാക്ഷാല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ മുസ്‌ല്യാര്‍കുട്ടികളുടെ രക്ഷയ്‌ക്കെത്തുന്നത്. അദ്ദേഹം അലറി: ഇന്നേവരെ മദ്‌റസാ ഉസ്താദുമാരില്‍ ഒരു മഹ്‌ലൂഖും ഒരു ബാലനെയോ ബാലികയെയോ പീഡിപ്പിച്ചിട്ടില്ല. ഒരു വെള്ളിയാഴ്ച ദജ്ജാല്‍ എടുത്തിട്ട വിഷയം ഫാറൂഖ് കോളജിലെ ബെഞ്ച്മാര്‍ക്ക് സമരമായിരുന്നു. അസഹിഷ്ണുത കാരണം രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷവായു വെന്തുനീറുകയും ആമിര്‍ ഖാനും മുസ്‌ലിമല്ലാത്ത കെട്ടിയോളും തൊട്ടിങ്ങ് താഴേത്തട്ട് കന്നുകാലികളെ തെളിച്ചുകൊണ്ടുപോകുന്നവര്‍ വരെ നാടുവിടാന്‍ ഒരുങ്ങേണ്ടതായ ഗതികേട്. ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന മഹത്തായ സങ്കല്‍പം ചുരണ്ടിക്കളയാന്‍ വെമ്പല്‍ പൂണ്ടുകൊണ്ട് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ എഴുന്നേറ്റുനില്‍ക്കുന്നു. ഇതിനേക്കാള്‍ ഗുരുതരവും ഭീഷണവുമായ ഒരു സാഹചര്യം സങ്കല്‍പിക്കാനേ ആകുന്നില്ല.

ഇതിനിടയ്ക്കാണ് മറ്റൊരു കലാലയത്തില്‍ നിന്നു പുറത്താക്കിയ ഒരു ചെറുപ്പക്കാരന്‍ ഫാറൂഖ് കോളജില്‍ തനിക്ക് പെണ്‍കുട്ടികളോട് മുട്ടിയുരുമ്മി ഇരിക്കണമെന്ന ആവശ്യവുമായി കൊടിപിടിക്കുന്നതും ചാനലുകള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതും. ചാനലുകളാകട്ടെ, റേറ്റിങ് വര്‍ധിപ്പിക്കാനുള്ള മല്‍സരത്തില്‍ മറ്റെല്ലാം മാറ്റിവച്ച് ഇക്കാര്യത്തില്‍ മാരത്തണ്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. വിഷയം തണുത്താറുന്നുവെന്നു കണ്ടമാത്രയില്‍ തുടര്‍ന്നുള്ള വെള്ളിയാഴ്ച മറ്റൊരു കിടിലന്‍ വിഷയം എങ്ങുനിന്നോ പൊട്ടിവീഴുന്നു. കണ്ടില്ലെന്നോ കേട്ടില്ലെന്നോ കരുതാന്‍ കഴിയാത്തവണ്ണം ഗുരുതരമാണ് പ്രശ്‌നം: 'പീഡിപ്പിച്ച ചരിത്രം കേട്ടിട്ടില്ല. മറിച്ച് പറയുന്നവര്‍ തെളിവ് ഹാജരാക്കട്ടെ.' കാന്തപുരം ഉസ്താദ് തെളിവിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹത്തെ അടുത്തറിയുന്നവരത്രയും ഞെട്ടി. അന്നൊരിക്കല്‍ ഉസ്താദ് ഒരു കെട്ട് മുടിയുമായി വന്ന്, ഇവയത്രയും പ്രവാചകന്റേതാണെന്നും അതിനാല്‍ തന്നെ വിശുദ്ധമാണെന്നും പറഞ്ഞപ്പോള്‍ ആളുകള്‍ വളഞ്ഞുനിര്‍ത്തി അദ്ദേഹത്തോട് തെളിവ് ചോദിച്ചിരുന്നു. തെളിവ് എന്നാല്‍ സനദ്. അന്നത്തെ പ്രക്ഷുബ്ധമായ സംഭവങ്ങള്‍ ഉസ്താദിന്റെ ഓര്‍മയില്‍ ഇപ്പോഴും പച്ചയായി നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പായതിനാല്‍ അദ്ദേഹം തെളിവു ചോദിച്ചാല്‍ അത് ശരിക്കും തെളിവു തന്നെയായിരിക്കണം. ഞഞ്ഞാമുഞ്ഞ അവിടെ വിലപ്പോവില്ല. മദ്‌റസാ ഉസ്താദുമാര്‍ കുട്ടികളെ പീഡിപ്പിക്കാറില്ല എന്ന കാന്തപുരം ഉസ്താദിന്റെ പ്രസ്താവനയിലുമുണ്ട് ചില വസ്തുതകള്‍. മദ്‌റസാ പഠനസമയം കഷ്ടിച്ച് ഒന്നര മണിക്കൂര്‍ നേരം ഒന്നുകില്‍ പകല്‍ അല്ലെങ്കില്‍ രാത്രി. മാധ്യമപ്രവര്‍ത്തക പറയുന്നത് രാത്രി കറന്റ് പോകുന്ന നേരത്താണ് കുട്ടികളുടെ രാഹുകാലം എന്നാണ്. പകല്‍ പീഡനം നടക്കില്ല. സൂര്യന്‍ കാവലുണ്ടാകും.

രാത്രി മദ്‌റസകള്‍ മിക്കവാറും തുറന്ന ഹാളുകളാണ്. ഒന്നിലേറെ അധ്യാപകരുമുണ്ടാകും ഹാളില്‍, നിരവധി കുട്ടികളും. ഈ പൊതുബഹളത്തിനിടയില്‍ വേണം പീഡനം. അഥവാ ഇടയ്‌ക്കെങ്ങാനും പോയ കറന്റ് തിരിച്ചുവന്നാല്‍! ഉസ്താദിന്റെ ഇതുസംബന്ധമായ വെല്ലുവിളി തീര്‍ത്തും അസ്ഥാനത്തല്ലെന്നു ചുരുക്കം. എന്നാല്‍, പുരുഷലോകത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തി അദ്ദേഹം നടത്തിയ മറ്റൊരു വെല്ലുവിളി അല്‍പം കടന്നതായിപ്പോയി. കാന്തപുരത്തിന്റെ അഭിപ്രായപ്രകാരം സ്ത്രീയും പുരുഷനും സമമല്ല. അഥവാ ലിംഗസമത്വം എന്ന ഒന്ന് ഇല്ലേയില്ല. അങ്ങനെ പറയുന്നത് ഇസ്‌ലാമികവിരുദ്ധമാണ്. സ്ത്രീയും പുരുഷനും എല്ലാ കാര്യത്തിലും സമന്മാരെങ്കില്‍ പുരുഷന്‍ പ്രസവിച്ചുകാണിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി. ഇതു മുമ്പ് കേണല്‍ ഖദ്ദാഫി ചോദിച്ചതാണ്. എന്തുകൊണ്ടോ കാന്തപുരത്തിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇപ്പോള്‍ കിട്ടിയ അവസരം ഉപയോഗിച്ച് കാന്തപുരത്തെ കുതിരകേറാന്‍ ആളുകള്‍ മല്‍സരിക്കുകയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കാന്തപുരം മാതൃത്വത്തിന് അപമാനമാണെന്ന് വി എസ് അച്യുതാനന്ദന്‍. അദ്ദേഹം പുരോഗതിയെ പിറകോട്ടുവലിക്കുന്നു എന്നു പുകസ. കാന്തപുരം കേരളത്തിനു ശാപമെന്നു മീനാക്ഷി തമ്പാന്‍. കാന്തപുരം നേരത്തെയും ഇതുപോലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പെണ്ണുങ്ങള്‍ ചികില്‍സാര്‍ഥം പോലും പുറത്തിറങ്ങരുതെന്നു ശഠിക്കുകയുണ്ടായി അദ്ദേഹം. അദ്ദേഹത്തിന്റെ അരുമശിഷ്യന്മാര്‍ നിരന്തരം ഹജ്ജിനും ഉംറക്കും പോകുന്നു. എന്നാല്‍, മസ്ജിദുല്‍ ഹറാമിന്റെ പരിസരത്തുപോലും അടുക്കരുതെന്നാണ് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ അനുശാസന. ഇക്കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും നാലു വോട്ട് മുന്നില്‍ക്കണ്ട് അദ്ദേഹത്തെ തലയിലേറ്റിനടന്നവര്‍ അന്നൊന്നും പ്രതികരിക്കുകയുണ്ടായില്ല. അതുകൊണ്ട് ഇപ്പോള്‍ അവരുടെ ശാപവര്‍ഷങ്ങള്‍ കാണുമ്പോള്‍ പുച്ഛം തോന്നുന്നു.

സ്ത്രീപുരുഷ ലിംഗസമത്വം വാദിക്കുന്നവര്‍ എത്രയെത്ര കാര്യങ്ങളിലാണ് സ്ത്രീയെ പുരുഷനില്‍ നിന്നു മാറ്റിനിര്‍ത്തുന്നതെന്ന് വല്ലവരും ചിന്തിച്ചിട്ടുണ്ടോ? ഒളിംപിക്‌സ് ഗെയിംസ് മൈതാനം ഉദാഹരണം. അവിടെ ഓടാനും ചാടാനും നീന്താനുമെല്ലാം സ്ത്രീക്കും പുരുഷനും വ്യത്യസ്ത സംവിധാനങ്ങളാണ്. ഉസൈന്‍ ബോള്‍ട്ടിനൊപ്പം ഓടാന്‍ ഷെല്ലി ആന്‍ഡേഴ്‌സണെ ആരും ഒരേ ട്രാക്കില്‍ ഇറക്കുന്നില്ല.താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വികസിപ്പിച്ചു പറഞ്ഞില്ലെന്നതാണ് കാന്തപുരത്തിനു പറ്റിയ അമളി. ഇന്നേവരെ ഇന്ത്യയുടെ കര-കടല്‍-ആകാശസേനകളുടെ അധിപസ്ഥാനത്ത് പെണ്ണൊരുത്തി ഇരുന്നിട്ടുണ്ടോ? ഇന്ത്യയിലെന്നല്ല, ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്ത്? വര്‍ത്തമാനകാലത്ത് ഒരു സ്ത്രീ പട നയിച്ചതായി അറിയാമോ? അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് ലോകം കീഴടക്കി. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് കിഴക്കിനെ വിറവിറപ്പിച്ചു. ഈയിനത്തില്‍പ്പെട്ട ഒരുത്തിയുടെ പേരു പറയൂ.  പരത്തിപ്പറയുന്നില്ല. ഇത്തരം അനവധി കാര്യങ്ങള്‍ തൊട്ടും തൊടാതെയും കാണിക്കാന്‍ ഉണ്ടായിരിക്കെ കാന്തപുരം കടന്നുപിടിച്ചത് പ്രസവത്തിന്‍മേലായിപ്പോയി.വനിതാലോകം അതിവേഗം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മര്‍കസില്‍ അടക്കം ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കമുള്ള പ്രൊഫഷനല്‍ കാംപസുകളില്‍ ചെന്നാല്‍ ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി പരിസരത്ത് എത്തിയ പ്രതീതിയാണ്. ഇവരൊക്കെയും കാന്തപുരം നിര്‍ദേശിക്കുന്ന ലേബര്‍റൂമുകളിലേക്കുള്ള ഉരുപ്പടികളല്ല. പെറ്റുപോറ്റാന്‍ എന്തിനാണ് ഇത്രയും വിദ്യാഭ്യാസം? പൂച്ചയും പട്ടിയും നിര്‍ബാധം നിര്‍വഹിക്കുന്ന പ്രകൃതിപരമായ ഈ ഉത്തരവാദിത്തത്തിന് ഇത്ര വലിയ വിദ്യാഭ്യാസപരമായ ഒരുക്കങ്ങള്‍ ആവശ്യമുണ്ടോ? ഈ പതിതലക്ഷങ്ങളെ നമുക്ക് എവിടെയെങ്കിലുമൊക്കെ അക്കോമഡേറ്റ് ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജീവിതവ്യവഹാരത്തിന്റെ വ്യത്യസ്ത തലങ്ങള്‍ പുരുഷനെ പോലെത്തന്നെ സ്ത്രീക്കും പ്രാപ്യമായിരിക്കണം. അവയില്‍ ഏതെങ്കിലും ഒന്നിന്റെ കവാടങ്ങള്‍ സ്ത്രീകള്‍ക്കു മുമ്പില്‍ അടച്ചിടാനുള്ള ഒരു നിര്‍ദേശവും ഇസ്‌ലാമിലില്ല. ഉണ്ടെങ്കില്‍ പറയൂ, ഏതാണാ നിര്‍ദേശം?                             $
Next Story

RELATED STORIES

Share it