kannur local

അന്തിമ പരിശോധനയ്‌ക്കൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കേണ്ട പരിശോധന ഈ മാസം 20നകം നടക്കും. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. രണ്ടുദിവസം നടത്തുന്ന പരിശോധനയുടെ റിപോര്‍ട്ട് അനുസരിച്ചാണ് വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുക. അന്തിമ പരിശോധനയ്ക്കു മുമ്പ് തന്നെ ടെസ്റ്റുകളില്‍ പ്രധാനമായ കാലിബറേഷന്‍ പൂര്‍ത്തിയാക്കി. ഇതിനു പുറമെ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച പുര്‍ത്തീകരിക്കും. കഴിഞ്ഞ എതാനും ദിവസം മുമ്പാണ് കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. പൂനെ ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വിഭാഗം, ബംഗളൂരു നാഷനല്‍ എയ്‌റോ സ്‌പേസ് ലബോറട്ടറി എന്നിവിടങ്ങളില്‍ നിന്നുള്ള ഐഎംഡി ഉദ്യോഗസ്ഥ സംഘമാണ് ഉപകരണം സ്ഥാപിക്കല്‍ പ്രവൃത്തിക്കു നേതൃത്വം നല്‍കിയത്. റണ്‍വേ വിഷ്വല്‍ റേഞ്ച് ഓട്ടോമാറ്റിക് വെതര്‍ ഒബ്‌സര്‍വിങ് സിസ്റ്റം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മെറ്റ് പാര്‍ക്കാണ് സ്ഥാപിച്ചത്. അന്തരീക്ഷ ഊഷ്മാവ്, മര്‍ദം, ആര്‍ദ്രത, കാറ്റിന്റെ ഗതി എന്നിവ സംബന്ധിച്ച് തല്‍സമയ വിവരങ്ങള്‍ ഇവ വഴി എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറും. ബെംഗളൂരു നാഷനല്‍ എയ്‌റോ സ്‌പേസ് ലബോറട്ടറി രൂപകല്‍പന ചെയ്ത ദൃഷ്ടി എന്ന ആധുനിക ആര്‍വിആര്‍ സംവിധാനമാണ് കണ്ണുര്‍ വിമാനത്താളത്തിന്‍ സ്ഥാപിക്കുന്നത്. വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് തടയാന്‍ മില്ലിമീറ്റര്‍ സ്‌കാനര്‍ സ്ഥാപിച്ചിട്ടുണ്ട്. മില്ലിമീറ്റര്‍ സ്‌കാനറിലൂടെ നടന്നുപോവുന്നയാളുടെ ശരീരം പോലും വ്യക്തമായി സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. രണ്ടുമാസം മുമ്പ് വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തനായി കസ്റ്റംസ് സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്, ട്രോളി സംവിധാനം, യാത്രക്കാരുടെ ബാഗേജ് പരിശോധിക്കുന്ന എക്‌സ്‌റേ, വൈഫൈ ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം, എമര്‍ജന്‍സി സര്‍വീസ് എന്നിവയുടെ പ്രവര്‍ത്തനവും എതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭക്ഷണ വിതരണം, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ടെര്‍മിനല്‍ ലോഞ്ച് ഓപറേഷന്‍ തുടങ്ങിയവ നടത്താനുള്ള പ്രവര്‍ത്തനവും നടന്നുവരുന്നുണ്ട്.

Next Story

RELATED STORIES

Share it