thiruvananthapuram local

അന്തിമചിത്രം തെളിഞ്ഞു; ജില്ലയില്‍ ജനവിധി തേടി 135 പേര്‍; മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി അപരന്മാര്‍ 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിലെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ തിരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. ജില്ലയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായ ഇന്നലെ ആകെ എട്ടു പേര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ ജില്ലയില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 135 ആയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 109 പേരാണ് മല്‍സരത്തിനിറങ്ങിയത്.
എന്നാല്‍, ജില്ലയിലെ പല മണ്ഡലങ്ങളിലും ഇരു മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരുടെ ഭീഷണിയുമുണ്ട്. പ്രധാനമായും തിരുവനന്തപുരം മണ്ഡലത്തിലാണ് അപരന്മാരുള്ളത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാറിന്റെ അപരന്മാരായി ശിവകുമാര്‍ പുഷ്‌കരനും ശിവകുമാര്‍ രവീന്ദ്രന്‍ നായരും രംഗത്തുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ആന്റണി രാജുവിന്റെ അപരനായി ആന്റണി രാജു ന്യൂകോളനിയും മല്‍സരിക്കുന്നുണ്ട്. കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ വാഹിദിന് അപരനായി എന്‍ എ വാഹിദും ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന്റെ അപരനായി മുരളീധരനും മല്‍സരരംഗത്തുണ്ട്. അരുവിക്കരയില്‍ കോ ണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന് അപരനായി ശബരീനാഥനും സിപിഎം സ്ഥാനാര്‍ഥി എ എ റഷീദിന് അപരനായി റഷീദും രംഗത്തുണ്ട്. നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി സി ദിവാകരന് അപരനായുള്ളത് ദിവാകരന്‍ പാണി ആണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാലോട് രവിയുടെ അപരന്മാരായി പരിയാരം രവീന്ദ്രന്‍, രവീന്ദ്രന്‍ നായര്‍ എന്നിവരുണ്ട്. ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ എസ് അജിത് കുമാറിന് രണ്ട് അപരന്മാരുണ്ട്. അജിത്, അജിത് നന്തന്‍കോട് എന്നിവരാണ് അപരന്മാരായി മല്‍സരരംഗത്തുള്ളത്. അതേസമയം, വര്‍ക്കല, ആറ്റിങ്ങല്‍, വാമനപുരം, വട്ടിയൂര്‍ക്കാവ്, നേമം, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍ അപരന്മാരുടെ ഭീഷണിയില്ലാതെ രക്ഷപ്പെട്ടു.
വര്‍ക്കല മണ്ഡലത്തില്‍ നിലവില്‍ 12 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 14 പേരില്‍ രണ്ടു പേര്‍ പത്രിക പിന്‍വലിച്ചു. സജി, പി വിജയന്‍ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. വാമനപുരത്ത് ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 12 പേരില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചു. ബിഡിജെഎസ് ഡമ്മി സ്ഥാനാര്‍ഥിയായ വേണുവാണ് പത്രിക പിന്‍വലിച്ചത്. നിലവില്‍ 11 സ്ഥാനാര്‍ഥികള്‍ ഇവിടെ മല്‍സരരംഗത്തുണ്ട്. കോവളത്ത് ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 13 പേരില്‍ മൂന്ന് പേര്‍ പത്രിക പിന്‍വലിച്ചു. ആര്‍ വിശ്വനാഥന്‍, വിനോദ്, എസ് ശശി എന്നിവരാണ് പത്രിക പിന്‍വലിച്ചത്. കോവളത്ത് നിലവില്‍ 10 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്.
തിരുവനന്തപുരം, കഴക്കൂട്ടം, നെടുമങ്ങാട് മണ്ഡലങ്ങളില്‍ ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 12 പേരില്‍ ആരും പത്രിക പിന്‍വലിച്ചില്ല. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഒന്‍പത് പേരും അരുവിക്കരയില്‍ 10 പേരും നേമത്ത് എട്ട് പേരും കാട്ടാക്കടയില്‍ ഏഴ് പേരും നെയ്യാറ്റിന്‍കരയില്‍ അഞ്ച് പേരും ജനവിധി തേടുന്നുണ്ട്. ഈ മണ്ഡലങ്ങളില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല.
Next Story

RELATED STORIES

Share it