kasaragod local

അന്താരാഷ്ട്ര സിന്തറ്റിക് സ്റ്റേഡിയം യാഥാര്‍ഥ്യമാവുന്നു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നടക്കാവിലുള്ള സംസ്ഥാനത്തെ ആദ്യ സിന്തറ്റിക് ഫുട്‌ബോള്‍ മൈതാനില്‍ വിവിധോദ്ദേശ അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്‌റ്റേഡിയം യാഥാര്‍ഥ്യമാകുന്നു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം വിദഗ്ധരെത്തി മണ്ണ് പരിശോധിച്ചു. 2017ലെ ബജറ്റില്‍ ജില്ലക്ക് അനുവദിച്ചതാണ് നടക്കാവ് സിന്തറ്റിക് ഫുട്‌ബോള്‍ മൈതാനത്തോട് ചേര്‍ന്ന് അന്താരാഷ്ട്ര നിലവാരമുളള വിവിധോദ്ദേശ ഇന്‍ഡോര്‍ സ്‌റ്റേഡിയം. അന്തരിച്ച വെല്ലിങ്ടണ്‍ ഫുട്‌ബോള്‍ കോച്ച് എടാട്ടുമ്മലിലെ എം ആര്‍ സി കൃഷ്ണന്റെ നാമധേയത്തിലാണ് സ്‌റ്റേഡിയം നിര്‍മിക്കുക. ഈ വര്‍ഷത്തെ ബജറ്റില്‍ 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 35,000 പേര്‍ക്ക് ഇരുന്ന് കളി കാണാനുളള പവലിയന്‍, 400 മീറ്റര്‍ ട്രാക്ക്, ഫഌഡ് ലൈറ്റ്, വിശ്രമ മുറി, ഇന്‍ഡോര്‍ മൈതാനിയില്‍ വോളിബോള്‍, ഷട്ടില്‍, ബാസ്‌കറ്റ്‌ബോള്‍ ഉള്‍പ്പെടെയുള്ള ഗെയിംസ് കോര്‍ട്ടുകളും സമാന്തര റോഡ്, വാഹന പാര്‍ക്കിങ്, ഓവുചാല്‍ എന്നിവ ഒരുക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയേയാണ് പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയത്. 13 ഏക്കര്‍ സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരമുളള സ്‌റ്റേഡിയം നിര്‍മിക്കുന്നത്. എല്ലാ ജില്ലകളിലും ഒരു വിവിധോദ്ദേശ സ്‌റ്റേഡിയം എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി എം രാജഗോപാലന്‍ എംഎല്‍എയുടെ ഇടപെടലിലാണ് സ്‌റ്റേഡിയം തൃക്കരിപ്പൂരില്‍ അനുവദിച്ചത്. ഫുട്‌ബോളിനെ താരാട്ട് പോലെ സ്‌നേഹിക്കുന്ന ഒരു നാടിനുള്ള അംഗീകാരം കൂടിയാണ് ഈ സ്‌റ്റേഡിയം. ദേശീയ ടീമിലും പ്രഫഷണല്‍ ക്ലബുകളിലുമായി ഒരു ഡസനിലേറെ ഫുട്‌ബോള്‍ കളിക്കാരെ സംഭാവന ചെയ്ത പ്രദേശമെന്ന പരിഗണനയും തൃക്കരിപ്പൂരിനുണ്ട്. ജില്ലയിലെ കായിക മേഖലക്ക് പുതിയ ചുവട് വെപ്പായി അന്താരാഷ്ട്ര സ്‌റ്റേഡിയം മാറും.  ഒരു മാസത്തിനകം റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it