kozhikode local

അന്താരാഷ്ട്ര സഹകരണം: കൊവന്‍ട്രി സര്‍വകലാശാലാ സംഘം കാലിക്കറ്റുമായി ചര്‍ച്ച തുടങ്ങി

തേഞ്ഞിപലം: വിദേശത്തെ മികച്ച സര്‍വകലാശാലകളുമായി അക്കാദമിക സഹകരണം ലക്ഷ്യമാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിലെ കൊവന്‍ട്രി സര്‍വകലാശാലയുടെ ഉന്നതസംഘം കാംപസ് സന്ദര്‍ശനം ആരംഭിച്ചു. കൊവന്‍ട്രിസര്‍വകലാശാലയിലെ സ്ട്രാറ്റജി ഡയറക്ടര്‍ ഡോ. മാര്‍ക്ക് ഹോള്‍ട്ടന്‍, അസോസിയേറ്റഡ് പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ആന്‍ഡ്രൂ ടേണര്‍ എന്നിവരുള്‍പ്പെട്ട സംഘം വൈസ് ചാന്‍സലര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ജോയിന്റ് രജിസ്ട്രാര്‍മാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. പാഠ്യ വിഷയങ്ങളില്‍ ആഗോള കാഴ്ചപ്പാടാണ് കൊവന്‍ട്രി സര്‍വകലാശാലയുടേതെന്ന് ഡോ. മാര്‍ക്ക് ഹോള്‍ട്ടന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ സംതൃപ്തിക്കും പ്രതികരണത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. അധ്യാപകരുടെ നിലവാരം ശ്രദ്ധിച്ച് വിലയിരുത്താനും ആവശ്യമായ ഘട്ടങ്ങളില്‍ പരിശീലന പരിപാടി നല്‍കാനും സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യാവലികളിലൂടെ വിദ്യാര്‍ഥികളുടെ സംതൃപ്തി മനസ്സിലാക്കും. രണ്ടാം ലോക മഹായുദ്ധത്തില്‍ 11 മണിക്കൂര്‍  തുടര്‍ച്ചയായ ബോംബിങ്ങിന് ഇരയായി തകര്‍ന്നുപോയ പട്ടണമാണ് കൊവന്‍ട്രി. ഫിനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ കൊവന്‍ട്രി പട്ടണത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നതുപോലെ വലിയ വളര്‍ച്ചയാണ് കൊവന്‍ട്രി സര്‍വകലാശാല നേടിയതെന്ന് ഡോ.ആന്‍ഡ്രൂ ടേണര്‍ പറഞ്ഞു. ബിരുദം കഴിഞ്ഞ് ആറ് മാസത്തിനകം തന്നെ ജോലിലഭിക്കുന്ന സാഹചര്യമുണ്ട്. കാലിക്കറ്റും കൊവന്‍ട്രിയും തമ്മില്‍ സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച്, ടീച്ചേഴ്‌സ് എക്‌സ്‌ചേഞ്ച് പരിപാടികള്‍ സാധ്യമാക്കാവുന്നതാണ്.  വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ്, അന്താരാഷ്ട്ര അക്കാദമിക സഹകരണ കേന്ദ്രം ഡയറക്ടര്‍ ഡോ. ലിബു അലക്‌സാണ്ടര്‍ എന്നിവര്‍ സംബന്ധിച്ചു.  വിവിധ വിഭാഗങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം 3ന് അധ്യാപകരും ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ചനടത്തി സഹകരണ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കും. പങ്കാളിത്തതിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ പദ്ധതികള്‍ ഡോ. ലിബു അലക്‌സാണ്ടര്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it