Gulf

അന്താരാഷ്ട്ര റിപോര്‍ട്ടുകളോടുള്ള പ്രതികരണം സുതാര്യമെന്ന് അല്‍തവാദി

ദോഹ: തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ അന്താരാഷ്ട്ര റിപോര്‍ട്ടുകളോടും സുതാര്യമായാണ് പ്രതികരിക്കുന്നതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. മികച്ച തൊഴില്‍ മാനദണ്ഡങ്ങള്‍ യാഥാര്‍ഥ്യമാക്കുകയെന്ന ഖത്തര്‍ ലക്ഷ്യം നടപ്പിലാക്കാന്‍ കമ്മിറ്റി ബാധ്യസ്ഥമാണ്. സുരക്ഷിതവും ന്യായവുമായ തൊഴില്‍ സാഹചര്യമാണ് ലോകകപ്പിനോടനുബന്ധിച്ചുള്ള നിര്‍മാണ സ്ഥലങ്ങളില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഖത്തര്‍ ദേശീയ ദര്‍ശന രേഖ-2030 ലക്ഷ്യമാക്കിക്കൊണ്ട് ഉറച്ച കാല്‍വയ്പ്പുകളോടെയാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ സായുധ വിഭാഗത്തിനു കീഴിലെ നാഷനല്‍ സര്‍വീസ് അതോറിറ്റിയുമായി സഹകരിച്ച് ഡെലിവറി ആന്റ് ലെഗസി കമ്മിറ്റി സംഘടിപ്പിക്കുന്ന നാഷനല്‍ സര്‍വീസ് കപ്പിനോടനുബന്ധിച്ച് അല്‍ശര്‍ഖ് പത്രത്തോട് സംസാരിക്കുകയായിരുന്നു തവാദി.
2022 ലോകകപ്പിലേക്കുള്ള യാത്രക്കു മുന്നില്‍ തടസമാകുന്ന എല്ലാ റിപോര്‍ട്ടുകളെയും പ്രചാരണങ്ങളെയും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉള്‍ക്കൊണ്ടും തള്ളിക്കളഞ്ഞും ലോകകപ്പ് നിര്‍മാണ പ്രവൃത്തികള്‍ മുടക്കം കൂടാതെ മുന്നോട്ടുകൊണ്ടുപോകുമെന്നു അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ ഓരോരുത്തരുടെയും സ്വപ്‌നമാണ് ലോകകപ്പ് ആതിഥേയത്വം. ഇതിന്റെ ഉത്തരവാദിത്തം എല്ലാവരുടേതുമാണ്.
തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനു സ്വകാര്യ കമ്പനികളുടെ ഭാഗത്തുനിന്നുള്ള സഹകരണം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it