അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 വരെ

തിരുവനന്തപുരം: 23ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാണു മേള സംഘടിപ്പിക്കുക. ഏഴുദിവസമായിരിക്കും ഈ വര്‍ഷത്തെ മേളയെന്നും അദ്ദേഹം പറഞ്ഞു.
പൊതുഖജനാവില്‍ നിന്ന് പണം എടുക്കാനില്ലാത്തതിനാല്‍ ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞ തവണ ആറുകോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പകുതി നിരക്കായിരിക്കും. സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഫെസ്റ്റിവലിന്റെ സംഘാടകസമിതി യോഗം ഇന്ന് വൈകീട്ട് അഞ്ചിന് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപിയ ഹാളില്‍ ചേരും.
മുന്‍വര്‍ഷങ്ങളിലെപ്പോലെ മേളയിലെ മല്‍സരവിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ഇത്തവണയും ഉണ്ടാവും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മല്‍സരവിഭാഗത്തിലായിരിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റീഷന്‍, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളുണ്ടായിരിക്കും. ഇന്റര്‍നാഷനല്‍ ജൂറി ദക്ഷിണേന്ത്യയില്‍ നിന്നായി പരിമിതപ്പെടുത്തും. പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ലളിതമായി നടത്തി ഉദ്ഘാടനചിത്രം പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it