kozhikode local

അന്താരാഷ്ട്ര കരകൗശല മേള; ടൂറിസത്തിന്റെ സാധ്യതകള്‍ കേരളം ഉപയോഗപ്പെടുത്തണം: ഗവര്‍ണര്‍

കോഴിക്കോട്: മനോഹരമായ ഭൂപ്രകൃതിയും സുന്ദരമായ കാലാവസ്ഥയും ഒത്തിണങ്ങിയ കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളാവിഷ്‌ക്കരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അഭിപ്രായപ്പെട്ടു. ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന അന്താരാഷ്ട്ര കരകൗശല മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തണുത്തുവിറയ്ക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പ്രത്യേകിച്ച് അവിടെ നിന്നുള്ളവരെ കേരളത്തിലേക്കാകര്‍ഷിക്കാന്‍ സാധിക്കും. ദേശീയ, അന്താരാഷ്ട്ര മേളകളില്‍ കേരളത്തിന്റേതുള്‍പ്പെടെയുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പട്ടികജാതി-ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കെ.ദാസന്‍ എം.എല്‍.എ, ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ.എം.മുഹമ്മദ് അനില്‍, പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.കുല്‍സു, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി, ജികെഎസ്എഫ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി വിജയന്‍, സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എംസി കമറുദ്ദീന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഉഷ വളപ്പില്‍, സര്‍ഗാലയ സി.ഇ.ഒ പി.പി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കലാകാരന്‍മാരുടെ നൃത്ത-സംഗീത പരിപാടികളും ചടങ്ങില്‍ അരങ്ങേറി.
ജനുവരി അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങളുള്‍പ്പെടെ 250ഓളം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. സര്‍ഗാലയിലെ സ്ഥിരം സ്റ്റാളുകള്‍ക്കു പുറമെയാണിത്. ഇവിടങ്ങളില്‍ നിന്നുള്ള കരകൗശലവിദഗ്ധരുമായി സംവദിക്കാനും അവരുടെ കരവിരുതുകള്‍ നേരില്‍ കാണാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.
Next Story

RELATED STORIES

Share it