wayanad local

അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് സമാപിച്ചു

അമ്പലവയല്‍: പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നുവന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് സമാപിച്ചു. പുഷ്പകൃഷിയുടെ സമഗ്ര വികസനത്തിന് ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പായി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഓര്‍ക്കിഡ് സൊസൈറ്റികള്‍, മറ്റ് സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, ഇന്ത്യന്‍ നഴ്‌സറിമെന്‍ അസോസിയേഷന്‍, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയാണ് ജില്ലയില്‍ പുഷ്പ കൃഷി വികസന പദ്ധതികളുമായി സഹകരിക്കുക.
2019 ജനുവരി 1 മുതല്‍ അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലിയില്‍ ഈ ഏജന്‍സികളുടെ സഹകരണമുണ്ടാവും. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രതേ്യക ആവശ്യപ്രകാരമാണ് ഈ ഏജന്‍സികള്‍ സഹകരണം വാഗ്ദാനം ചെയ്തത്. തുടര്‍പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് മുന്നോടിയായി ഏപ്രിലില്‍ സ്ഥാപന മേധാവികളുടെയും ദേശീയ, അന്തര്‍ദേശീയ ഏജന്‍സി തലവന്‍മാരുടെയും യോഗം അമ്പലവയലില്‍ ചേരും. ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ ഓര്‍ക്കിഡുകളുടെയും മറ്റ് പൂക്കളുടെയും സ്വതന്ത്ര വ്യാപാരത്തിന് അവസരമൊരുക്കുകയും സാങ്കേതികപരമായും അല്ലാതെയുമുള്ള സഹായം ലഭ്യമാവുകയും ചെയ്തു എന്നതാണ് ഓര്‍ക്കിഡ് ഫെസ്റ്റിന്റെ പ്രധാന വിജയമെന്ന് മുഖ്യ സംഘാടകരിലൊരാളായ ഗവേഷണകേന്ദ്രം മേധാവി ഡോ. പി രാജേന്ദ്രന്‍ പറഞ്ഞു. പുഷ്പ കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി വിദേശയിനം പൂച്ചെടികളുടെ തൈകള്‍ കര്‍ഷകര്‍ക്ക് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് 105 ലക്ഷം രൂപ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുഷ്പ കൃഷി മേഖലകളില്‍ ഗവേഷണ സാങ്കേതിക മികവുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ടി ജാനകി റാം, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി പ്രമീളാ പഥക്കിന്റെയും നേതൃത്വത്തില്‍ നടന്ന സാങ്കേതിക സെമിനാറില്‍ ഓര്‍ക്കിഡ് കൃഷിയുടെ പരിചരണ മുറകള്‍, മൂല്യവര്‍ധിത ഉല്‍പന്ന സാധ്യതകള്‍, ഔഷധ ഗുണങ്ങള്‍, വിപണി, ജൈവ വൈവിധ്യ സംരക്ഷണത്തില്‍ ഓര്‍ക്കിഡുകളുടെ പങ്ക് എന്നിവ സമഗ്രമായി ചര്‍ച്ച ചെയ്തു. പൂകൃഷി മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രതേ്യക ആവശ്യപ്രകാരം നല്‍കാമെന്ന് ഐസിഎആറും ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ഉറപ്പ് നല്‍കി.
പുഷ്പകൃഷി മേഖലാ വികസനത്തിന് ഏറെ അനുയോജ്യമായ സാഹചര്യങ്ങള്‍ ഉള്ളപ്പോഴും ഇവ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് സെമിനാറില്‍ പങ്കെടുത്ത കൃഷി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും പൂകൃഷി സാധ്യമാണെന്നു വിദഗ്ധര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it