അന്തസ്സ് കാണിക്കണമെന്ന് എംപിയോട് കോടതി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ബംഗ്ലാവില്‍നിന്ന് ഒഴിപ്പിച്ചത് ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എംപിക്ക് സുപ്രിംകോടതിയുടെ അതിനിശിത വിമര്‍ശനം. കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഫഌറ്റ് ഒഴിപ്പിക്കാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഹരജി തള്ളിയ, ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ ബെഞ്ച്, അല്‍പമെങ്കിലും അന്തസ്സ് കാണിക്കണമെന്നും എംപിയോട് ആവശ്യപ്പെട്ടു.
ഇനി വേറെ ആരാണ് നിങ്ങളോടു പുറത്തുപോവാന്‍ ആവശ്യപ്പെടേണ്ടതെന്നും കോടതി ചോദിച്ചു. അധീര്‍ രഞ്ജന്റെ ഹരജി ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.
ഇന്നലെ കോടതി തുടങ്ങിയപ്പോള്‍ ഹരജി അതിവേഗം പരിഗണിക്കേണ്ടതാണെന്ന് എംപിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, ഇത് കോടതിയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താ ന്‍ പോലും കഴിയില്ലെന്നും ഒഴിവാക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ഇത് പരിഗണിക്കുന്നു, തള്ളുന്നു'- ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിങ്ങളൊരു എംപിയാണ്. നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടതല്ലാത്ത ഒരു ബംഗ്ലാവില്‍ തന്നെ കഴിയണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നു. എന്ത് ഹരജിയാണിത്. നിങ്ങള്‍ വേഗം ഒഴിഞ്ഞുകൊടുക്കൂ- കോടതി വ്യക്തമാക്കി. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അധീര്‍ രഞ്ജനു പുതിയ ബംഗ്ലാവ് അനുവദിച്ചിരുന്നുവെങ്കിലും അദ്ദേഹം മാറാന്‍ തയ്യാറായിരുന്നില്ല.
തനിക്കായി അനുവദിച്ച ബംഗ്ലാവില്‍ വേറൊരാള്‍ താമസിച്ചതായി ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ ബംഗ്ലാവ് നിരസിച്ചത്. ഇതേതുടര്‍ന്ന് മറ്റൊരു ബംഗ്ലാവ് അനുവദിച്ചെങ്കിലും അതിലേക്കു മാറാനും തയ്യാറാവാതിരുന്നതോടെയാണ് എത്രയും വേഗം ഒഴിയണമെന്നാവശ്യപ്പെട്ട് അധീര്‍ രഞ്ജന് നോട്ടീസ് അയച്ചത്.
Next Story

RELATED STORIES

Share it