Kollam Local

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍



കൊല്ലം: കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വന്ന അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളെ വാഹനപരിശോധനക്കിടെ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിനാട് ചേറ്റുകടവ് ബംഗ്ലാവില്‍ വീട്ടില്‍ ശബരി എന്ന ആകാശ് മോഹന്‍(19), കൊല്ലം വെസ്റ്റ് കാങ്കത്ത് മൂക്കിന് സമീപം മണ്ണാന്റുഴികം വീട്ടില്‍ ഷാഹുല്‍ (18), ഇരവിപുരം വലിയവിള സുനാമി ഫഌറ്റില്‍ തന്‍സീം(19), കൊട്ടിയം സിതാര ജങ്ഷന്‍ കൊട്ടുമ്പുറം പള്ളിക്ക് സമീപം ഷാരൂക് ഖാന്‍ (19) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് വാഹന പരിശോധനക്കിടെ പിടിയിലായ ഇവരുടെ പക്കല്‍ നിന്നും രണ്ട് ബൈക്കുകളും വ്യാജ നമ്പര്‍ പ്ലേറ്റുകളും പോലിസ് കണ്ടെടുത്തിട്ടുണ്ട്.മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇവര്‍ തമിഴ്‌നാട്ടില്‍ ലഹരി വസ്തുക്കള്‍ വാങ്ങുന്നതിന് പോവുകയും അതിനുശേഷം അവിടെ ഉള്ള ബൈക്കുകള്‍ മോഷണം ചെയ്തു കേരളത്തില്‍ കൊണ്ട് വരികയുമാണ് ചെയ്യുന്നത്.  ഇവരുടെ സംഘ തലവനായ ഇരവിപുരം സ്വദേശി കൊച്ചലി എന്ന സെയ്തു അലി  കഴിഞ്ഞ ആഴ്ച എറണാകുളം റൂറല്‍ പോലിസിന്റെ പിടിയിലായിരുന്നു. ഇവരുടെ കൂട്ടുപ്രതിയായ തിരുവനന്തപുരം കാപ്പില്‍ സ്വദേശി ഷാഹുലിനെ പോലിസ് അന്വേഷിച്ചു വരുന്നുണ്ട്. ഇവര്‍ തമിഴ്‌നാട്ടില്‍ വാഹനപരിശോധനക്കിടെ പോലിസിനെ ഇടിച്ചു തെറിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു. ഇവര്‍ വന്‍ മയക്കുമരുന്നു ശൃംഖലയുടെ ഭാഗമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും പോലിസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.    കൊല്ലം എസിപി ജോര്‍ജ്ജ് കോശി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദീന്‍, കൊല്ലം ഈസ്റ്റ് സി ഐ  മഞ്ജുലാല്‍ , കൊല്ലം ഈസ്റ്റ് എസ്‌ഐ എസ് ജയകൃഷ്ണന്‍, മഹേഷ് പിള്ള, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ വിപിന്‍ കുമാര്‍, എഎസ്‌ഐ മജീദ്, എസ്‌സിപിഒ ബിനു, ഷാഡോ പോലിസുകാരായ  ഹരിലാല്‍, വിനു, സീനു, മനു, പ്രശാന്ത്, ദീപു, സിയാദ്, പ്രവീണ്‍ രാജ്, മണികണ്ഠന്‍ എന്നിവരടങ്ങിയ പോലിസ് സംഘമാണ് ഇവരെ പിടികൂടിയത്.
Next Story

RELATED STORIES

Share it